ADVERTISEMENT
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. നാലാം ദിനത്തിലെ മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എന്ന നിലയിലാണ്.
കെ. എൽ. രാഹുലും നായകൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിലുള്ളത്. രാഹുൽ 87 റൺസും ഗിൽ 78 റൺസും എടുത്തിട്ടുണ്ട്.
യശസ്വി ജയ്സ്വാളും സായ് സുദർശനും ആണ് പുറത്തായത്. ഇംഗ്ലീഷ് താരം ക്ലിസ് വോക്സ് ആണ് രണ്ട് പേരെയും പുറത്താക്കിയത്. ആദ്യ ഓവറിലാണ് ഇരുവരും പവലിയനിലേക്ക് മടങ്ങിയത്. രണ്ട് പേരെയും അടുത്തടുത്ത പന്തുകളിൽ വോക്സ് പുറത്താക്കുകയായിരുന്നു.
ഇന്ത്യ ഇംഗ്ലണ്ടിനെക്കാൾ 137 റൺസ് പുറകിലാണ്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 358 റൺസും ഇംഗ്ലണ്ട് 669 റൺസുമാണ് എടുത്തത്.
നാലാം ദിനം ഏഴിന് 544 എന്ന നിലയില്‍ ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഇന്ന് 125 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ലിയാം ഡോസണിന്റെ (26) വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമാകുന്നത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
പിന്നാലെ ബ്രൈഡണ്‍ കാര്‍സെയ്ക്കൊപ്പം (47) ചേര്‍ന്ന് സ്റ്റോക്സ് 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. ജഡേജയുടെ പന്തില്‍ സായിക്ക് ക്യാച്ച് നല്‍കിയാണ് സ്റ്റോക്സ് മടങ്ങുന്നത്. 141 റൺസാണ് സ്റ്റോക്സ് എടുത്തത്.
198 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും 11 ഫോറും നേടി. കാര്‍സെയുടെ ഇന്നിംഗ്സ് ലീഡുയര്‍ത്താന്‍ സഹായിച്ചു. ജഡേജയാണ് കാര്‍സെയെ പുറത്താക്കുന്നത്. ജോഫ്ര ആര്‍ച്ചര്‍ (2) പുറത്താവാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതവും അൻഷുൽ കാംബോജും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags :