ADVERTISEMENT
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ തല്ലിയതിന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനോട് ഇരുനൂറ് തവണയെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടെന്ന് ഹർഭജൻ സിംഗ്.
എന്നാൽ ശ്രീശാന്തിന്റെ മകളോട് ഒരിക്കൽ സംസാരിച്ചപ്പോൾ താൻ തകർന്നുപോയതായി മുൻ ഇന്ത്യൻ താരം വെളിപ്പെടുത്തി. കരിയറിലെ ഒരു കാര്യം നീക്കം ചെയ്യാൻ അവസരമുണ്ടായിരുന്നെങ്കിൽ ശ്രീശാന്തുമായുള്ള പ്രശ്നം മാറ്റുമായിരുന്നെന്നും ഹർഭജൻ വ്യക്തമാക്കി.
17 വർഷം മുന്‍പുണ്ടായ ആ സംഭവം തന്റെ ഭാഗത്തുനിന്നുണ്ടായ പൊറുക്കാനാവാത്ത തെറ്റാണെന്നാണ് ഹർഭജൻ പറയുന്നത്. ശ്രീശാന്തിനോട് ഇക്കാര്യത്തിൽ മാപ്പു പറഞ്ഞിട്ടുണ്ടെന്നും ഇനിയും പൊതുവേദിയിൽ മാപ്പു പറയാൻ തയാറാണന്നും ഹർഭജൻ പറഞ്ഞു.
ആ സംഭവം ശ്രീശാന്തിന്റെ മകളിൽ ഉണ്ടാക്കിയ ആഘാതവും താൻ ഈയടുത്ത് അനുഭവിച്ചതായും ഹർഭജൻ പറയുന്നു. “ഞാൻ വളരെ സ്നേഹത്തോടെ സംസാരിക്കുകയായിരുന്നു. നിങ്ങളെന്റെ അച്ഛനെ തല്ലിയില്ലേ? ഞാൻ നിങ്ങളോടു സംസാരിക്കില്ല എന്നായിരുന്നു അവൾ പറഞ്ഞത്.
ഞാൻ തകർന്നുപോയി, കണ്ണൊക്കെ നിറഞ്ഞു. അവൾ വളർന്നു കഴിയുന്പോൾ എന്നെക്കുറിച്ചുള്ള ആ ചിന്തകൾ മാറണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്’’- ഹർഭജൻ വ്യക്തമാക്കി.
Tags :