ADVERTISEMENT
കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ജമൈക്കയിലെ സബീന പാർക്കിൽ നടന്ന മത്സരത്തിൽ മൂന്നു വിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഓസീസ് ഏഴു പന്ത് ബാക്കിനില്‍ക്കെ മറികടന്നു.
അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് അർധസെഞ്ചുറിയുമായി തിളങ്ങിയ മിച്ചല്‍ ഓവനും അർധസെഞ്ചുറി നേടിയ കാമറൂൺ ഗ്രീനുമാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. ഓവൻ 27 പന്തിൽ ആറു സിക്സറുകൾ ഉൾപ്പെടെ 50 റൺസെടുത്തപ്പോൾ ഗ്രീന്‍ 26 പന്തില്‍ അഞ്ചു സിക്സറുകളും രണ്ടു ഫോറുകളുമുൾപ്പെടെ 51 റണ്‍സെടുത്തു.
വിന്‍ഡീസിനായി ജേസന്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അകീല്‍ ഹുസൈന് ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് റോസ്റ്റന്‍ ചെയ്സിന്റെയും നായകൻ ഷായ് ഹോപ്പിന്റെയും അർധസെഞ്ചുറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. 32 പന്തില്‍ ഒമ്പത് ഫോറും രണ്ടു സിക്സറും ഉൾപ്പെടെ 60 റണ്‍സെടുത്ത റോസ്റ്റൺ ചെയ്സ് ആണ് ടോപ് സ്കോറര്‍. ഷായ് ഹോപ് 39 പന്തില്‍ 55 റണ്‍സെടുത്തു. അതേസമയം, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 19 പന്തില്‍ മൂന്നു സിക്സറും രണ്ടു ഫോറും സഹിതം 38 റണ്‍സെടുത്തു.
ഓസ്ട്രേലിയയ്ക്കു വേണ്ടി ബെൻ ഡ്വാർഷുയിസ് 36 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ സീൻ ആബട്ട്, കൂപ്പർ കോണോലി, നഥാൻ എല്ലിസ്, മിച്ചൽ ഓവൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : Australia West Indies