ADVERTISEMENT
ന്യൂഡല്‍ഹി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയാന്‍ ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉന്നതതല ഇടപെടലിലൂടെ പാലക്കാട് സ്വദേശിനിയുടെ ശിക്ഷ നടപ്പാക്കുന്നത് തടയാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
ദയാധനം കൈമാറുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സങ്കീര്‍ണമാണെന്നതാണ് രക്ഷാദൗത്യത്തിന് പ്രതിസന്ധിയാകുന്നത്. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രാദേശിക അധികാരികളുമായും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായും ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പ്രതികരിച്ചു.
എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് കുടുംബത്തിനും ഇന്ത്യന്‍ അധികൃതര്‍ക്കും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധശിക്ഷ സംബന്ധിച്ച് ഇതുവരെ ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് മുന്നിലുള്ളതെന്ന് നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് അറിയിച്ചു. യമന്‍ പൗരന്റെ കുടുംബം ദയാധനം സ്വീകരിക്കും എന്നാണ് ഇപ്പോഴും കരുതുന്നത്, ഉന്നത ഇടപെടലുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനാണ് ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായും യെമനിലെ മനുഷ്യാവകാശ പ്രവര്ത്തകന് സാമുവല്‍ ജെറോം പറഞ്ഞു.
ഉത്തരവ് നടപ്പാക്കുന്നത് തടയാന്‍ തലാലിന്റെ കുടുംബത്തെ വ്യാഴാഴ്ച കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും സാമുവല്‍ ജെറോം പറഞ്ഞു.
Tags : Nimisha Priya Yemen Jail