ADVERTISEMENT
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്.
ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ മോചനത്തിനായി 2024 ഏപ്രില്‍ 20ന് യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും അവിടെ തുടരുകയാണ്. ഗവര്‍ണറെ കണ്ട സമയത്ത് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഫോണില്‍നിന്ന് വീഡിയോ കോളില്‍ പ്രേമകുമാരി ഗവര്‍ണറുമായി സംസാരിച്ചു.
ഗവര്‍ണര്‍ക്കു മുന്നില്‍ തന്റെ മകളുടെ ജീവന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ സംസാരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാരീതിയും ശ്രമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അമ്മയോടു പറയുകയുണ്ടായി.
അതേസമയം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ നല്കാന് തയാറാണെന്നും ടോമി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ തേടിയുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ജിക്കാര്‍ എജി ഓഫീസില്‍ വിവരങ്ങള്‍ കൈമാറിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എജിയുടെ ഓഫീസ് ആരാഞ്ഞുവെന്നാണ് വിവരം. തിങ്കളാഴ്ചയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്.
നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്.
അഭിഭാഷകന് കെ.ആര്. സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് തൊടുപുഴ സ്വദേശിയാണ്. ഇവര്‍ക്ക് ഏഴാം ക്ലാസില്‍ പഠിക്കുന്ന മിഷേല്‍ (ചിന്നു)എന്ന മകളുണ്ട്.
2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു.
യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.
ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും പിന്നീട് നിമിഷ പ്രിയ മാത്രമാണ് യെമനിലേക്ക് പോയത്. തുടര്‍ന്ന് തലാല്‍ അബ്ദുള്‍ മഹ്ദിയില്നിന്നുണ്ടായ മാനസിക ശാരീരിക പീഡനത്തില്‍നിന്ന് രക്ഷപ്പെടാനായി 2017ല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്.
മകളുടെ മോചനത്തിനായി നിമിഷപ്രിയയുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല.
Tags : Nimisha Priya Tomy Thomas