ADVERTISEMENT
കണ്ണൂർ: മലയാളിയും എഴുത്തുകാരിയുമായ ഡോക്ടറെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയും തളാപ്പ് സ്വദേശിനി ഡോ. അരയാക്കണ്ടി ധനലക്ഷ്മിയാണ് (54) മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി മുസഫയിലെ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അബുദാബിയിലെ ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു.
പത്തു വർഷമായി അബുദാബിയിൽ ജോലി ചെയ്തുവരികയാണ്. അബുദാബി മലയാളി സമാജം അംഗവും പ്രവാസി മലയാളികൾക്കിടയിലെ സാമൂഹിക പ്രവർത്തകയുമാണ്. സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. നേരത്തെ കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലും ജോലി ചെയ്തിരുന്നു.
പഴയകാല പ്രമുഖ സ്വകാര്യ ബസ് കന്പനിയായിരുന്ന ആനന്ദകൃഷ്ണ ബസ് സർവീസ് ഉടമ പരേതനായ നാരായണൻ-ചന്ദ്രമതി ദന്പതികളുടെ മകളാണ്. സുജിത്താണ് ഭർത്താവ്. ഇദ്ദേഹം നാട്ടിലാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി.
Tags : Malayali doctor Abu Dhabi