ADVERTISEMENT
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ 18 ദിവസം നീണ്ട ദൗത്യത്തിനുശേഷം ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയും സംഘവും സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.01ന് (ഇന്ത്യൻ സമയം) കലിഫോര്‍ണിയയിലെ സാന്‍ ഡീയേഗോ തീരത്തിനടുത്തായാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. സ്പേസ് എക്സിന്റെ എംവി ഷാനണ്‍ കപ്പൽ ഡ്രാഗണ്‍ പേടകം കടലിൽനിന്നു വീണ്ടെടുത്തു. കപ്പലിലെ പ്രാഥമിക വൈദ്യപരിശോധനയ്ക്കു ശേഷം സംഘത്തെ ഹെലികോപ്റ്ററിൽ ഫ്ലോറിഡയിലെ നാസാ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. യാത്രികര്‍ ഇവിടെ ഏഴു ദിവസം വിദഗ്ധരുടെ നിരീക്ഷണത്തിൽ കഴിയും. അതിനുശേഷമായിരിക്കും ശുഭാംശു ഇന്ത്യയിലെത്തുക.
തിങ്കളാഴ്ച വൈകുന്നേരം 4.45നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. 22.5 മണിക്കൂറോളം യാത്ര ചെയ്താണ് പേടകം ഭൂമിയിൽ എത്തിയത്. ശുഭാംശു ശുക്ലയും സംഘവും പേടകത്തിൽനിന്നു പുറത്തിറങ്ങുന്നതിന്റെയും, ആഴ്ചകൾക്കുശേഷം ആദ്യമായി ഗുരുത്വാകർഷണം അനുഭവപ്പെടവേ മറ്റുള്ളവർ സഹായിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ പുറത്തു വന്നു. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സണു പിന്നാലെ രണ്ടാമനായാണ് മിഷൻ പൈലറ്റായ ശുഭാംശു പുറത്തിറങ്ങിയത്. നിറപുഞ്ചിരിയോടെ, കൈവീശി അഭിവാദ്യം ചെയ്താണ് ശുഭാംശു ശുക്ല പേടകത്തിനു പുറത്തിറങ്ങിയത്.
അമേരിക്കൻ സ്വദേശിനി പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍നിന്നുള്ള ടിബോര്‍ കാപു തുടങ്ങിയവരാണു പേടകത്തില്‍ ഉണ്ടായിരുന്ന മറ്റു ള്ളവർ. ജൂണ്‍ 26നാണ് ആക്സിയം 4 ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയത്. 18-ാം ദിവസമാണു തിരികെയെത്തിയത്. അറുപതോളം പരീക്ഷണങ്ങൾ സംഘം നടത്തി. കേരളത്തിൽനിന്നു കൊണ്ടുപോയ ആറു വിത്ത് ഇനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങൾ ശുഭാംശുവിന്റെ നേതൃത്വത്തിൽ നടന്നു. രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ്, വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല. 1984ലായിരുന്നു രാകേഷ് ശർമയുടെ ബഹിരാകാശ യാത്ര. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.
Tags : Shubhamshu axiom