ADVERTISEMENT
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറെന്ന് ഭരണപക്ഷം. പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ കേന്ദ്രസർക്കാർ ഇന്നലെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 21 വരെ വർഷകാല സമ്മേളനം നീളും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ അവകാശവാദം, പഹൽഗാം ഭീകരാക്രമണം, ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്ര പരിഷ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ആശങ്കയുയർത്തി. രാജ്യം നേരിടുന്ന പ്രധാന ആശങ്കകൾക്കു കേന്ദ്രസർക്കാർ നൽകുന്ന പരിഹാര നടപടികളെയും മറുപടിയെയും ആശ്രയിച്ചായിരിക്കും സഭയിലെ സഹകരണമെന്നു പ്രതിപക്ഷ പാർട്ടികൾ യോഗത്തിനിടെ അറിയിച്ചു. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വർഷകാല സമ്മേളനത്തിന്റെ
സുഗമമായ നടത്തിപ്പ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവിന്റെയും സഹമന്ത്രി അർജുൻ റാം മേഘ്വാളിന്റെയും നേതൃത്വത്തിലാണ് സർവകക്ഷി യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തില്ല. ബിജെപിയെ പ്രതിനിധീകരിച്ചു കേന്ദ്ര ആരോഗ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ജെ.പി. നഡ്ഡ പങ്കെടുത്തപ്പോൾ മുഖ്യ പ്രതിപക്ഷമായ കോണ്ഗ്രസിൽനിന്ന് ലോക്സഭയിലെ പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ് പങ്കെടുത്തു. സർവകക്ഷി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കാറുണ്ടെങ്കിലും ഇന്നലത്തെ യോഗത്തിനുണ്ടായിരുന്നില്ല.
സാധാരണയിൽനിന്നു വ്യത്യസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ സഭയെ അഭിസംബോധന ചെയ്യുമെന്ന് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതായും, വെടിനിർത്തൽ ധാരണയിൽ ഇടപെട്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പ്രധാനമന്ത്രിക്കു മാത്രമേ മറുപടി നൽകാൻ സാധിക്കൂവെന്നും സർവകക്ഷി യോഗത്തിൽ കോണ്ഗ്രസ് വ്യക്തമാക്കി. ഇതോടൊപ്പം പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ ചില സൈനിക പ്രസ്താവനകൾ, മാധ്യമ റിപ്പോർട്ടുകൾ തുടങ്ങിയവയ്ക്ക് കേന്ദ്രസർക്കാർ മറുപടി നൽകണം. കൂടാതെ, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടപ്പാക്കിയ വോട്ടർപട്ടികയിലെ തീവ്ര പരിഷ്കരണം നടപ്പാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയപാർട്ടികളുമായി സംസാരിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറുകയും വിശദീകരണം നൽകാതിരിക്കുകയുമാണ്.
ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. കൂടാതെ, മണിപ്പുരിനെ സംബന്ധിച്ച ചില ബില്ലുകൾ ഈ സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ മണിപ്പൂരിൽ സമാധാനം പുലരുമെന്ന് പ്രധാനമന്ത്രി നേരത്തേ പ്രസ്താവിച്ചിരുന്നു. എന്നാൽ അതു കാണാൻ ഇതുവരെയും സാധിച്ചിട്ടില്ല. ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ ഒരു ചെറിയ സംസ്ഥാനത്ത് ഇതുവരെയും സന്ദർശനം നടത്താത്ത സാഹചര്യം വിശദീകരിക്കണമെന്നും, വിഷയത്തിൽ ചർച്ച പ്രതീക്ഷിക്കുന്നതായും കോണ്ഗ്രസ് വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചും സർവകക്ഷി യോഗത്തിൽ ചർച്ചയായി. വിദേശമാധ്യമങ്ങൾക്ക് ഇത്തരത്തിലാണു റിപ്പോർട്ടുകൾ ലഭിക്കുന്നത് എന്നടക്കമുള്ള ചോദ്യങ്ങൾ ഉയർന്നു. പിഎഫ് പെൻഷൻ ഉൾപ്പെടെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സമയം അനുവദിക്കണമെന്ന് എം.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിൽ ആകർഷകമായ തൊഴിൽ നൽകാമെന്നു വാഗ്ദാനം ചെയ്ത് നൂറുകണക്കിന് യുവാക്കളെ മ്യാൻമറിലേക്കു കൊണ്ടുപോകുന്ന സൈബർ ക്രൈം തട്ടിപ്പുസംഘത്തിനെതിരേ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരേ നടപടിയൊന്നും സ്വീകരിക്കാത്തതിനെയും അദ്ദേഹത്തിനെതിരായ ഇംപീച്ച്മെന്റ് നടപടി വൈകിക്കുന്നതിനെയും സിപിഐയുടെ രാജ്യസഭാ എംപി സന്തോഷ് കുമാർ ചോദ്യം ചെയ്തു.
Tags :