ADVERTISEMENT
ചവറ: ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ അതുല്യ (30) യുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ ഷാർജയിലെ കന്പനി ജോലിയിൽനിന്നു പിരിച്ചുവിട്ടതായി വിവരം. കൂടാതെ സതീഷിന്റെ പാസ്പോർട്ടും ഷാർജ പോലീസ് കസ്റ്റഡിയിൽ എടുത്തു. സതീഷ് സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ സൈറ്റ് എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ സഹിതം വാർത്തകൾ വന്നതോടുകൂടിയാണ് കമ്പനി അധികൃതർ ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നാണ് സൂചന. ഇന്ത്യൻ കോൺസുലേറ്റ് സംഭവവുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
സതീഷിനെ പൂർണമായും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് അതുല്യയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സതീഷ് ഭാര്യ അതുല്യയെ കൊന്നിട്ടില്ല എന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതും അന്വേഷണത്തിന്റെ ഭാഗമാകും. മരണത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നുതന്നെയാണ് അതുല്യയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്.
പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ വന്നതിനുശേഷമായിരിക്കും കേസിന്റെ ഗതി നിർണയിക്കുക. ഈ റിപ്പോർട്ടുകൾ കിട്ടിയശേഷം നിയമനടപടികൾ ആലോചിക്കാനാണ് നിലവിൽ ഷാർജയിലുള്ള സഹോദരിയും ബന്ധുക്കളും ആലോചിക്കുന്നത്. പോസ്റ്റുമോർട്ടത്തിനും മറ്റ് നടപടിക്രമങ്ങൾക്കുമായി ഏകദേശം നാല് ദിവസം എങ്കിലും എടുക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.