ADVERTISEMENT
തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിനു പോറൽ ഉണ്ടാക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരേ ജാഗ്രത പുലർത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എൻഡിപി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടുപോകേണ്ടത്. ഏതൊരു ജനവിഭാഗത്തിന്റെയും പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം. എന്നാൽ, അത് മതവൈര്യമുൾപ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും വിശ്വാസികളല്ലാത്തവർക്കും ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയൂ എന്ന നിലപാടാണ് പാർട്ടിക്കുള്ളത്. എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കാനും ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എല്ലാതരം വർഗീയതകളേയും ചെറുത്തുകൊണ്ട് മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ പാരന്പര്യത്തെ നിലനിർത്താനാവൂ എന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Tags :