ADVERTISEMENT
ചെന്നൈ: സിഎസ്ഐ സഭാ മോഡറേറ്ററായി കരിംനഗർ ബിഷപ്പും നിലവിലെ ഡപ്യൂട്ടി മോഡറേറ്ററുമായ ഡോ. കെ. റൂബൻ മാർക്കിനെ തെരഞ്ഞെടുത്തു. മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റീസ് വി. ഭാരതിദാസന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ആറു മാസമാണ് പുതിയ മോഡറേറ്ററുടെ കാലാവധി.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലം സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ സഭാധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടന്നത്. കൗൺസിൽ രൂപീകരിക്കാത്ത സൗത്ത് കേരള മഹായിടവകയിൽ നിന്നൊഴികെ കേരളത്തിലെ മറ്റെല്ലാ മഹായിടവകകളിൽ നിന്നുമുള്ള ബിഷപ്പുമാർ അടക്കം 318 പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തുത്.
സ്ഥാനമൊഴിഞ്ഞ ഡോ. ധർമരാജ് റസാലത്തിന്റെ പക്ഷക്കാരനാണ് ഡോ. കെ. റൂബൻ മാർക്ക്. അതേസമയം, വെല്ലൂർ ബിഷപ്പ് ശർമ നിത്യാനന്ദം പരാജയപ്പെട്ടു. 77 വോട്ടിന്റെ ഭൂരിപക്ഷം ആണ് റൂബൻ മാർക്ക് നേടിയത്.
സഭയിൽ മാറ്റങ്ങൾക്കായുള്ള നിയോഗമാണിതെന്ന് ഡോ. കെ. റൂബൻ മാർക്ക് പ്രതികരിച്ചു. ദക്ഷിണ കേരള മഹായിടവകയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Tags : CSI Church Moderator