ADVERTISEMENT
കോട്ടയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പേരാണ് വി.എസ്.അച്യുതാനന്ദന്റേത്. പുന്നപ്രയിൽ വേലിക്കകത്ത് അയ്യൻ ശങ്കരന്റെയും മാലൂർ അക്കമ്മ എന്നു വിളിച്ചിരുന്ന കാർത്യായനിയുടെയും രണ്ടാമത്തെ മകനായി 1923 ഒക്ടോബർ 20നായിരുന്നു ജനനം.
വസൂരി ബാധിച്ച് അമ്മ മരിക്കുന്പോൾ വി.എസിനു നാലു വയസ് മാത്രം. ഏഴു വർഷം കഴിഞ്ഞപ്പോൾ അച്ഛനും മരിച്ചു. വീട്ടിലെ കഷ്ടപ്പാടുകൾ മൂലം ഏഴാം ക്ലാസിൽ പഠനം നിർത്തി. അച്ഛൻ നടത്തിയിരുന്നു ജവുളിക്കട ജ്യേഷ്ഠൻ ഏറ്റെടുത്തു നടത്തിവരികയായിരുന്നു. സഹായിയായി നിന്നെങ്കിലും കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ ഇതു പോരായിരുന്നു.
അങ്ങനെ ആസ്പിൻവാൾ കന്പനിയിൽ ജോലിക്കു ചേർന്നു. മൂന്നു വർഷം ജോലി ചെയ്തു. ഉത്സാഹിയായ ഈ ചെറുപ്പക്കാരൻ പി. കൃഷ്ണപിള്ളയുടെ ശ്രദ്ധയിൽ പെടുന്നത് അക്കാലത്താണ്. വി.എസ് എന്ന ജനകീയ നേതാവിന്റെ ഉദയം അവിടെ സംഭവിക്കുകയായിരുന്നു. കൃഷ്ണപിള്ളയുടെ പ്രേരണയാൽ ജോലി ഉപേക്ഷിച്ച വി.എസിനെ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ചുമതല ഏൽപ്പിച്ചു.
ജന്മിമാരുടെ ചൂഷണത്തിൽ കഴിഞ്ഞ തൊഴിലാളികളെ സംഘടിപ്പിക്കുന്ന ദൗത്യം ഏറെ സാഹസികമായിരുന്നു. പിന്നാലെ പുന്നപ്ര വയലാറിലേക്കു നീങ്ങി. അവിടെ തൊഴിലാളികളെ സംഘടിപ്പിച്ച വി.എസ് പാർട്ടി നിർദേശമനുസരിച്ച് അവിടെനിന്നു മാറി ഒളിവിൽ പോയി. പുന്നപ്ര വയലാറുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിൽ പ്രതിയായിരുന്ന വി.എസിന് അതിന്റെ പേരിൽ വർഷങ്ങളോളം ജയിൽവാസവും അനുഷ്ഠിക്കേണ്ടി വന്നു.
ഒളിവിൽ കഴിയുന്പോൾ പിടിയിലായ അദ്ദേഹത്തിന് അതിഭീകരമായ മർദനമേറ്റു. മരിച്ചു എന്നു കരുതി ഉപേക്ഷിക്കാൻ വരെ പോലീസ് ഒരുങ്ങിയതാണ്. പതിനെട്ടാം വയസിൽ കോഴിക്കോട്ടു നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സമ്മേളനത്തിൽ വി.എസ് പങ്കെടുത്തു. പിന്നീട് ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ എത്തിയ വി.എസ് 1958ൽ നാഷണൽ കൗണ്‍സിൽ അംഗമായി.
പത്തു തവണ നിയമസഭയിലേക്കു മത്സരിച്ച് ഏഴു തവണ വിജയിച്ച് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ എത്തിയതു ചരിത്രം. അന്പലപ്പുഴയിൽ രണ്ടു തവണയും മാരാരിക്കുളത്ത് ഒരു വട്ടവും പരാജയപ്പെട്ടു. മാരാരിക്കുളത്തെ പരാജയം കേരളത്തിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി മാറി. അതു സിപിഎമ്മിലും ഒരു പാടു പൊട്ടിത്തെറികൾക്കു വഴി തെളിച്ചു.
പിന്നീട് മലന്പുഴ തട്ടകമാക്കി മാറ്റിയ വി.എസ് അവിടെനിന്നു മൂന്നു തവണ നിയമസഭയിലെത്തി. 1992 മുതൽ 1996 വരെയും 2001 മുതൽ 2005 വരെയും 2011 മുതൽ 2016 വരെയും വി.എസ് കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നു. 2006 മുതൽ 2011 വരെ മുഖ്യമന്ത്രിയും. 2016ൽ വീണ്ടുമൊരിക്കൽ കൂടി മുഖ്യമന്ത്രിയാകാൻ വി.എസ് മോഹിച്ചെങ്കിലും പാർട്ടി തെരഞ്ഞെടുത്തത് പിണറായി വിജയനെ ആയിരുന്നു.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ഈ കാലയളവിൽ പ്രവർത്തിച്ച വി.എസ്. മെല്ലെ പൊതുരംഗത്തുനിന്നു പിൻവാങ്ങുന്നതാണു കണ്ടത്. 1985ൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ എത്തിയ വി.എസ് 2009 വരെ തുടർന്നു.
അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള പരസ്യ പോരിനെത്തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരെയും പോളിറ്റ് ബ്യൂറോയിൽനിന്നു നീക്കി. പിണറായി പിന്നീട് പിബിയിൽ മടങ്ങിയെത്തിയെങ്കിലും വി.എസ് പുനപ്രവേശനം ലഭിച്ചില്ല.
Tags :