ADVERTISEMENT
പത്തനംതിട്ട: 2006 ജൂണ്‍ രണ്ടിന് കേരള ഹൈക്കോടതിയില്‍നിന്നു സുപ്രധാനമായ ഒരു വിധി ഉണ്ടായി. 1910 ലെ ഇന്ത്യന്‍ വൈദ്യുതി ചട്ടം, 1956ലെ ഇന്ത്യന്‍ വൈദ്യുതി നിയമം എന്നിവ അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വൈദ്യുതി ബോര്‍ഡ് പാലിക്കണമെന്നും അല്ലാത്തപക്ഷം വീഴ്ചയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട പ്രക്കാനം സ്വദേശി ബിജി മാത്യു കുളങ്ങര നല്കിയ പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടായിരുന്നു ആ വിധിപ്രസ്താവം.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇത്തരത്തിലൊരു വിധി അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് വി.കെ. ബാലിയുടെ ബെഞ്ചില്‍നിന്നു ബിജി മാത്യു നേടിയത്. ഹര്‍ജിക്കാരനായ താന്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കെഎസ്ഇബി അംഗീകരിക്കുകയായിരുന്നുവെന്ന് ബിജി പറയുന്നു. പക്ഷേ വിധി വന്ന് രണ്ട് പതിറ്റാണ്ടു പിന്നിടുമ്പോഴും സുരക്ഷയുടെ കാര്യത്തില്‍ കെഎസ്ഇബിയുടെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വൈദ്യുതിപ്രശ്നങ്ങള്‍ ആറുമാസത്തിനുള്ളില്‍ പരിഹരിക്കാമെന്നാണ് അന്ന് കെഎസ്ഇബി ഹൈക്കോടതിക്ക് ഉറപ്പുനല്‍കിയത്.
കൊല്ലം തേവലക്കരയില്‍ സ്കൂള്‍ വിദ്യാര്‍ഥി മിഥുന് വൈദ്യുതലൈനില്‍നിന്നു ഷോക്കേറ്റു മരിച്ച സംഭവത്തില്‍ നിയമപ്രകാരം കെഎസ്ഇബിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാനാകുമെന്ന് ബിജി മാത്യു ചൂണ്ടിക്കാട്ടുന്നു. താഴ്ന്നുകിടക്കുന്ന വൈദ്യുതലൈന്‍, പോസ്റ്റുകള്‍ തമ്മില്‍ കൃത്യമായ അകലം, സ്കൂളുകള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കു മുകളിലൂടെ ലൈന്‍ വലിക്കല്, പൊട്ടിവീഴുന്ന ലൈനില്‍ വൈദ്യുതി സ്വയം വിച്ഛേദിക്കപ്പെടാത്തത് തുടങ്ങി കെഎസ്ഇബി പരിഹരിക്കേണ്ട വിഷയങ്ങളുടെ ഗണത്തിലുണ്ട്. അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികളെക്കുറിച്ച് ആലോചനയുണ്ടെന്നും ബിജി മാത്യു പറഞ്ഞു.
ഇത്തരത്തിലൊരു വിധിക്കുവേണ്ടി ബിജി പോരാട്ടം നടത്തിയത് വൈദ്യുതി ബോര്‍ഡ് നിരന്തരം പുലര്‍ത്തിവന്ന അനാസ്ഥ കണ്ട് മനംമടുത്തിട്ടാണ്. 2000 ജൂണ്‍ പത്തിന് കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരം ബജ്ജലകരിയ ശ്രീവിദ്യാബോധിനി സിഎഎല്പി സ്കൂളിലെ ആറ് പിഞ്ചുകുട്ടികള്‍ പൊട്ടിണു കിടന്ന വൈദ്യുതലൈനില്‍ തട്ടി മരണമടഞ്ഞ സംഭവമാണ് കെഎസ്ഇബിയുടെ അനാസ്ഥയെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബിജി പറയുന്നു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ കെഎസ്ഇബി താത്പര്യം കാട്ടിയിരുന്നെങ്കില്‍ കഴിഞ്ഞ 19 വര്‍ഷത്തിനിടെ എത്രയെത്ര അപകടമരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ബിജി മാത്യു ചോദിക്കുന്നു. ഇതിനുള്ളില്‍ സര്‍ക്കാരുകള്‍ മാറിമാറിവന്നു. വൈദ്യുതിവിതരണവുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ ഒരു സര്‍ക്കാരും ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തിയില്ലെന്നും ബിജി മാത്യു പറയുന്നു.
Tags :