ADVERTISEMENT
സ്വന്തം ലേഖകൻ സ്വന്തം ലേഖകൻ ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ പദവിയിൽനിന്നു നീക്കം ചെയ്യാനുള്ള നടപടികൾക്ക് തുടക്കമിട്ട് പാർലമെന്റിന്റെ ഇരുസഭകളും. ജസ്റ്റീസ് വർമയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ലോക്സഭയിൽനിന്ന് 145 എംപിമാരും രാജ്യസഭയിൽനിന്ന് 63 എംപിമാരും ഒപ്പുവച്ചാണ് സഭകളുടെ അതത് അധ്യക്ഷന്മാർക്കു കൈമാറിയത്.
ഒരു ജഡ്ജിയെ പദവിയിൽനിന്നു നീക്കം ചെയ്യുന്നതിന് ലോക്സഭയിൽ 100 എംപിമാരുടെയും രാജ്യസഭയിൽ 50 എംപിമാരുടെയും ഒപ്പുകളാണു വേണ്ടത്. ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസിൽ ഭരണപക്ഷ- പ്രതിപക്ഷ ഭേദമില്ലാതെ എംപിമാർ ഒപ്പുവച്ചിട്ടുണ്ട്. ഇരുസഭകളിലും ഒരേ സമയം ഇംപീച്ച്മെന്റ് പ്രമേയത്തിനുള്ള നോട്ടീസ് സമർപ്പിച്ചതിനാൽ ഇരുഭകളുടെയും അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് അന്വേഷണം നടത്തുന്നതാണ് ഇനിയുള്ള നടപടി.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അല്ലെങ്കിൽ സുപ്രീംകോടതിയിലെ ഒരു ജഡ്ജി, രാജ്യത്തെ ഏതെങ്കിലും ഒരു ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ്, ഒരു നിയമവിദഗ്ധൻ തുടങ്ങിയവരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങൾ. കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ചർച്ച ആരംഭിക്കുകയും ചെയ്യും. റിപ്പോർട്ട് സമർപ്പിച്ചതിനുശേഷമായിരിക്കും ജസ്റ്റീസ് വർമയെ പദവിയിൽനിന്നു നീക്കം ചെയ്യുന്നതിനുള്ള വോട്ടിംഗ് ഇരുസഭകളിലും ആരംഭിക്കുക.