ADVERTISEMENT
കോട്ടയം: ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് വി.എസ്.അച്യുതാനന്ദൻ കേരള രാഷ്ട്രീയത്തിന്റെ ഔന്നത്യങ്ങളിലേക്ക് നടന്നുകയറിയത്. പ്രശ്നങ്ങൾ എവിടെയുണ്ടായോ അവിടെ എത്തി പോർമുഖം തുറക്കുന്ന വി.എസ് ശൈലി കേരളത്തിനു പുതുമയായിരുന്നു. വെട്ടിനിരത്തൽ പോലുള്ള ചില സമരങ്ങൾ ഏറെ വിമർശനം ഏറ്റുവാങ്ങിയപ്പോഴും അദ്ദേഹം കുലുങ്ങിയില്ല.
തൊണ്ണൂറുകളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളിലും വി.എസ് നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹത്തിൽ നിറഞ്ഞുനിന്നത് തികഞ്ഞൊരു പോരാളിയുടെ ഭാവമായിരുന്നു.
എതിരാളികൾക്കുനേരേ ദാക്ഷിണ്യമില്ലാത്ത വിമർശനവും പരിഹാസവും അഴിച്ചുവിടുന്ന വി.എസിന്റെ പ്രസംഗങ്ങൾ കേൾക്കാനും ജനം തടിച്ചുകൂടുമായിരുന്നു. കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാവ് എന്ന നിലയിലേക്ക് വി.എസ് മാറിയത് അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിലാണ്.
പാർട്ടി പദവികളും അധികാരസ്ഥാനങ്ങളും ഇല്ലാത്തപ്പോഴും കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവായി വി.എസ് നിലനിന്നു. വനം കൈയേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 140 സീറ്റില്‍ 98 സീറ്റുകളാണ് വിഎസിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി നേടിയത്.
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ് നടത്തിയ ഓപ്പറേഷന് മൂന്നാര്‍ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളില്‍നിന്ന് അണുവിട മാറാതെ നിന്നുകൊണ്ടുള്ള ഭരണ നിര്‍വഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി.
മൂന്നാർ ദൗത്യത്തിൽ സിപിഎം സംസ്ഥാന നേതൃത്വവും വി.എസും തമ്മിൽ തുടങ്ങിയ കലഹം വർഷങ്ങളോളം നീണ്ടു. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ വി.എസ് ജെസിബിയുമായി മൂന്നാറിലെത്തി. പാർട്ടിയുടെ അംഗീകാരം ഇക്കാര്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അനധികൃത കെട്ടിടങ്ങൾ പലതും നിലംപൊത്തി. ഏക്കറുകണക്കിനു സർക്കാർ ഭൂമി വി.എസിന്റെ പ്രത്യേക ദൗത്യ സംഘം കൈയേറ്റക്കാരിൽനിന്നു തിരിച്ചുപിടിച്ചു.
കേരളം കൈയടിച്ചു. പക്ഷേ സ്വന്തം പാർട്ടിയും സിപിഐയും വി.എസിനെ പരസ്യമായി തള്ളിപ്പറഞ്ഞു. വി.എസ് ഇടുക്കിയിൽ വന്നാൽ കാൽവെട്ടുമെന്നു വരെ പറഞ്ഞ നേതാക്കളുണ്ട്. വെല്ലുവിളി ഏറ്റെടുത്തു നിരവധി തവണ വി.എസ് മൂന്നാറിൽ പോയി. പക്ഷേ ഒഴിപ്പിക്കൽ നിലച്ചു. മൂന്നാർ ദൗത്യസംഘത്തെ പിൻവലിക്കാൻ സിപിഎം മുഖ്യമന്ത്രിക്കു നിർദേശം നൽകി.
സിപിഐകൂടി അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനൊപ്പം ചേർന്നുനിന്നതോടെ അദ്ദേഹം ശരിക്കും ഒറ്റപ്പെട്ടു. അങ്ങനെ മൂന്നാർ ദൗത്യം അവസാനിച്ചു. എങ്കിലും അന്നു വി.എസ് സർക്കാർ കൈയേറ്റക്കാരിൽനിന്നു പിടിച്ചെടുത്ത ഭൂമി മാത്രമാണ് ഇപ്പോഴും ആ പട്ടികയിൽ അവശേഷിക്കുന്നത്.
Tags :