ADVERTISEMENT
തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ മ്യൂസിയം ഈ വർഷംതന്നെ പൂർത്തീകരിക്കാൻ എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നു സാംസ്കാരികമന്ത്രി സജി ചെറിയാൻ.
അക്കാദമിയുടെ വിലപിടിപ്പുള്ള ശില്പങ്ങളും സംഗീത ഉപകരണങ്ങളും സംരക്ഷിക്കാനും പഠിതാക്കൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുംവിധവുമായിരിക്കും മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരസമർപ്പണം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വളർച്ചയുടെ പടവുകൾ കയറി മുന്നോട്ടുപോകുന്ന കേരളത്തിന്റെ സാംസ്കാരികമേഖല ലോകത്തെ മുഴുവൻ കലാകാരന്മാരെയും പ്രതിനിധാനംചെയ്തുകൊണ്ട് ഡിസംബർ 18 മുതൽ 20 വരെ കൊച്ചിയിൽ കൾച്ചറൽ കോണ്ഗ്രസ് സംഘടിപ്പിക്കും. സാംസ്കാരികമേഖലയിലെ ഇടപെടലുകൾ എങ്ങനെയാകണം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാദമിയുടെ ഫെലോഷിപ്പുകൾ വീണവിദ്വാൻ എ. അനന്തപദ്മനാഭൻ, സേവ്യർ പുൽപ്പാട്ട് (നാടകം), കലാമണ്ഡലം സരസ്വതി (നൃത്തം) എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. 18 പേർക്ക് അക്കാദമി അവാർഡുകളും 22 പേർക്കു ഗുരുപൂജ പുരസ്കാരങ്ങളും നൽകി.
റീജണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയർപേഴ്സണ് മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ് പി.ആർ. പുഷ്പവതി, സെക്രട്ടറി കരിവെള്ളൂർ മുരളി, നിർവാഹകസമിതി അംഗം ടി.ആർ. അജയൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിനു മുന്നോടിയായി അക്കാദമിയുടെ ബുക്ക്സ്റ്റാളിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പുരസ്കാരജേതാക്കളായ കലാകാരന്മാരുടെ സംഗീതപരിപാടിയും ഉണ്ടായിരുന്നു.
Tags : kerala sangetha nataka academy museum saji cherian kerala thrissur news