ADVERTISEMENT
തൃശൂർ: ധനലക്ഷ്മി ബാങ്ക് 2025-26 സാമ്പത്തികവർഷത്തിലെ ഒന്നാംപാദ ഫലം പ്രഖ്യാപിച്ചു. ഒന്നാം പാദത്തിൽ 12.18 കോടി രൂപയാണ് അറ്റ ലാഭം.
കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ എട്ടു കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 33.28 കോടി രൂപയാണു ബാങ്കിന്റെ ഒന്നാംപാദ പ്രവർത്തനലാഭം . മൊത്തം ബിസിനസിൽ 15.81 ശതമാനം വാർഷിക വളർച്ചനേടി 25,084 കോടി രൂപയിൽനിന്ന് 29,051 കോടി രൂപയായി.
മൊത്തം നിക്ഷേപം കഴിഞ്ഞ സാമ്പത്തികവർഷത്തിലെ ഇതേ കാലയളവിൽ 14,441 കോടി രൂപയായിരുന്നത് 16,570 കോടി രൂപയായി വർധിച്ചു. 14.74 ശതമാനമാണ് വാർഷികവളർച്ച. റീട്ടെയിൽ നിക്ഷേപങ്ങളിൽ 10.35 ശതമാനം വാർഷികവളർച്ച കൈവരിക്കാനായി. മൊത്തനിക്ഷേപത്തിന്റെ 28.22 ശതമാനം കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപമാണ്.
മൊത്തം വായ്പയിൽ 17.27 ശതമാനം വർധന രേഖപ്പെടുത്തി 10,643 കോടി രൂപയിൽനിന്നു 12,481 കോടി രൂപയായി. സ്വർണപ്പണയവായ്പയിൽ 28.10 ശതമാനം വാർഷിക വളർച്ച നേടി. ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 75.33 ശതമാനമായി ഉയർന്നു.
മൊത്തം വരുമാനം 20.45 ശതമാനം വളർച്ച കൈവരിച്ച് 407.06 കോടി രൂപയായി ഉയർന്നു. നിഷ്ക്രിയ ആസ്തി ഗണ്യമായി കുറയ്ക്കാനും മൂലധന പര്യാപ്തതാനുപാതം 18.26 ശതമാനമായി ഉയർത്താനും കഴിഞ്ഞു. മൊത്തം വിപണിമൂല്യം 1205.41 കോടി രൂപയായി ഉയർന്നു.
ഒന്നാംപാദ ഫലം വലിയ പ്രോത്സാഹനമാണെന്നും ചെറുകിട, സ്വർണവായ്പകളുടെ വളർച്ച ബാങ്കിനു വരുംകാലയളവിൽ വളരെ വേഗത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമാകുമെന്നും മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ കെ.കെ. അജിത് കുമാർ പറഞ്ഞു.
Tags :