ADVERTISEMENT
പുതുക്കാട് (തൃശൂർ): ടച്ചിംഗ്സ് കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ പുതുക്കാട് ബാറിലെ ജീവനക്കാരനെ കുത്തിക്കൊന്നു. പുതുക്കാട് മേഫെയര്‍ ബാറിലെ കൗണ്ടര്ജീവനക്കാരന് എരുമപ്പെട്ടി നെല്ലുവായ് സ്വദേശി സാന്ദ്രനിവാസില് ഹേമചന്ദ്രനാണ് (63) കൊല്ലപ്പെട്ടത്. ഓടിരക്ഷപ്പെട്ട പ്രതി ആമ്പല്ലൂര്‍ വില്ലേജ് കോര്‍ട്ട് റോഡില്‍ ആലുക്ക സിജോ (40)യെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.
പുതുക്കാട് മേഫെയര്‍ ബാറിലാണു സംഭവം. ഇന്നലെ ഉച്ചയോടെ തുടങ്ങിയ തർക്കം അര്‍ധരാത്രിയോടെ കൊലപാതകത്തിലെത്തുകയായിരുന്നു. ബാറിൽ മദ്യപിക്കാനെത്തിയ സിജോ കൂടുതൽ ടച്ചിംഗ്സ് നൽകാത്തതിനെച്ചൊല്ലി കൗണ്ടർ ജീവനക്കാരുമായി തർക്കമുണ്ടാക്കി. മദ്യത്തോടൊപ്പം സൗജന്യമായി നല്കുന്ന ടച്ചിംഗ്സ് ഒമ്പതാംതവണയും ആവശ്യപ്പെട്ടപ്പോഴാണു ജീവനക്കാർ നിരസിച്ചതെന്നു പറയുന്നു. ബഹളംവച്ച ഇയാളെ ജീവനക്കാർ ബാറിൽനിന്നു പുറത്താക്കി. ജീവനക്കാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയശേഷമാണ് ഇയാൾ ബാറില്‍നിന്ന് ഇറങ്ങിപ്പോയത്.
ടച്ചിംഗ്സ് തര്‍ക്കത്തില്‍ ഹേമചന്ദ്രന് ഇടപെട്ടിരുന്നില്ല. ഞായറാഴ്ച രാത്രി 11.45 ഓടെ ബാറിനുമുന്പിലെ ഗേറ്റില്വച്ചാണ് പ്രതി ഹേമചന്ദ്രന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബാർ അടച്ചശേഷം സമീപത്തെ തട്ടുകടയില്‍നിന്നു ചായകുടിച്ച് ഹേമചന്ദ്രന് തിരിച്ചു ബാറിലേക്കു കയറുന്നതിനിടെയായിരുന്നു സിജോയുടെ ആക്രമണം. ബാറിലെ ജീവനക്കാരനാണോ എന്നുചോദിച്ച പ്രതി, അതെ എന്നു മറുപടി പറഞ്ഞയുടൻ കുത്തുകയായിരുന്നെന്നു പറയുന്നു.
രണ്ടുതവണ കുത്തേറ്റ ഹേമചന്ദ്രനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീടു തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കേ മരണം സംഭവിച്ചു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിനിടെ പുലർച്ചെ രണ്ടരയോടെ പ്രതി സിജോ പിടിയിലായി.
പുതുക്കാട് എസ്എച്ച്ഒ മഹേന്ദ്രസിംഹന്, എസ്ഐ എന്‍. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഹേമചന്ദ്രന്റെ മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഹേമചന്ദ്രന്റെ ഭാര്യ: പുഷ്പ, മകള്‍: സാന്ദ്ര. മരുമകന്: മനീഷ്.