ADVERTISEMENT
കോൽക്കത്ത: പശ്ചിമബംഗാളിലെ തീവ്രവിപ്ലവ രാഷ്ട്രീയത്തിന്റെ അവസാന കണ്ണിയായ അസിസുൾ ഹഖ് (83) അന്തരിച്ചു. കവി, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്. ഏറെ നാളായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. വീട്ടിൽവച്ച് വീണ് കൈ ഒടിഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അന്ത്യം.
1942ൽ ഹൗറയിലായിരുന്നു ജനനം.1960 കളിലും 70 കളിലും നടന്ന ഒട്ടേറെ രക്തരൂക്ഷിത സമരങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചിരുന്നു. തോക്കിൻ കുഴിലൂടെ വിപ്ലവം എന്ന ആശയത്തിൽ ആകൃഷ്ടനായി ചാരു മജുംദാറിനൊപ്പമാണു രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്.
ബിഹാറിലുൾപ്പെടെ നടന്ന നക്സൽ ആക്രമണങ്ങളുടെയും സമരങ്ങളുടെയും പേരിൽ രണ്ടുപതിറ്റാണ്ടോളം ജയിൽവാസം അനുഭവിച്ചു. 1982ൽ ഹഖിനെ വീണ്ടും അറസ്റ്റ്ചെയ്ത പശ്ചിമബംഗാളിലെ ഇടതുമുന്നണി സർക്കാർ വലിയ ജനരോഷം ഏറ്റുവാങ്ങി. ജയിൽസന്ദർശിച്ചശേഷം മന്ത്രമാരായ ദേബബ്രത ബന്ദോപദ്ധ്യായയും ജതിൻ ചക്രവർത്തിയും പരോൾ നിർദേശിച്ചാണ് രോഷം തണുപ്പിച്ചത്.
ജയിലിലെ പതിനെട്ടുവർഷങ്ങൾ എന്ന പേരിലുള്ള ആത്മകഥ ബംഗാളിലെ നക്സൽ പ്രവർത്തനത്തിന്റെ നേർചിത്രമായി വിലയിരുത്തപ്പെടുന്നു. 2006ൽ ഇടതുമുന്നണി സർക്കാർ സിംഗൂറിൽ ഉൾപ്പെടെ അവതരിപ്പിച്ച വ്യവസായ നയത്തെ പിന്തുണച്ചും ഹഖ് ശ്രദ്ധേയനായിരുന്നു.
Tags :