ADVERTISEMENT
കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിനു വേണ്ടി ഏകപക്ഷീയമായ പ്രവർത്തനങ്ങളാണു നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കമ്മീഷൻ സർക്കാരിന്റെ സമ്മർദങ്ങൾക്കു കീഴ്പ്പെടാതെ സ്വതന്ത്ര ഏജൻസിയായി പ്രവർത്തിക്കാൻ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 23നാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. എന്നാൽ, അതിനു മുന്‍പ് തന്നെ കരട് വോട്ടർ പട്ടിക തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ സിപിഎമ്മിന് ചോർത്തി നൽകിയിരിക്കുകയാണ്. നിരവധി പേരുകള്‍ നീക്കം ചെയ്ത് ക്രമരഹിതമായാണു കരട് പട്ടിക തയാറാക്കിയിരിക്കുന്നത്.
വ്യാപകമായ കൃത്രിമമാണു നടന്നത്. 23 മുതല്‍ 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. പട്ടികയ്ക്ക് പുറത്തുള്ളവരുടെ പേരുകൾ ചേർക്കാൻ ഇത്രയും സമയം മതിയാകില്ല. പേരു ചേർക്കാനുള്ള സമയപരിധി ചുരുങ്ങിയത് ഒരു മാസമായെങ്കിലും നീട്ടണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പൊതുതെരഞ്ഞെടുപ്പില്‍ ഒരു പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി ക്രമപ്പെടുത്തിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലയിലെ ഒരു ബൂത്തില്‍ 1300 പേരാണുള്ളത്.
ത്രിതല തെരഞ്ഞെടുപ്പിൽ ഒരു വോട്ടർ മൂന്നു വോട്ടു ചെയ്യേണ്ടതിനാൽ രാത്രി പത്തായാലും വോട്ടർമാർക്ക് വോട്ടു ചെയ്തു തീർക്കാനാകില്ല. ഈ സാഹചര്യത്തില്‍ ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി കുറയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടും കമ്മീഷൻ ഇതിനു തയാറാകുന്നില്ല.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നടത്തുന്ന നീക്കങ്ങൾക്ക് കമ്മീഷൻ കുടപിടിച്ചു കൊടുക്കുകയാണ്. സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പുവരുത്താന്‍ കമ്മീഷൻ തയാറായില്ലെങ്കില്‍ യുഡിഎഫ് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Tags :