ADVERTISEMENT
"എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ ഈ നാട്ടിലെ ഉന്നത വിജയം നേടിയിട്ടുള്ള കുട്ടികളെ ആദരിക്കുന്ന ഈ ചടങ്ങിൽ ബഹുമാനപ്പെട്ട രമേശ് ചെന്നിത്തലയുണ്ട്. ഈ ബത്തേരിയുടെ എംഎൽഎ ആയിട്ടുള്ള ഐ.സി ബാലകൃഷ്ണൻ, എല്ലാം തന്നെ നാടിന്റെ നന്മയ്ക്ക് വേണ്ടിയിട്ടാണ് എന്നു പറയുമ്പോൾ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, ഭേദമില്ലാതെ... ഞാനും ഈ കൂട്ടായ്മയിൽ പങ്കെടുക്കുകയാണ്.
നിങ്ങൾക്കെല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ'-ആംഗ്യങ്ങളോടെ ആവർത്തിച്ചു പറഞ്ഞ് നീട്ടിയും കുറുക്കിയുമുള്ള വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം വേദിയിൽ അവതരിപ്പിച്ച് കഴിഞ്ഞ് മിനിറ്റുകൾക്കകമാണ് പ്രമോദ് മാള വി.എസിന്റെ മരണം അറിയുന്നത്.
ഐ.സി. ബാലകൃഷ്ണൻ എം എൽ എ നൽകുന്ന വിദ്യാഭ്യാസ എക്സലൻസി അവാർഡിൽ അതിഥിയായി എത്തിയതായിരുന്നു കഴിഞ്ഞ 25 വർഷമായി വി.എസിന്റെ അപരനായി വേദികളിൽ തിളങ്ങുന്ന പ്രമോദ് മാള എന്ന വി.എസ്. പ്രമോദ്.
മിമിക്രിക്കാരനായ തന്റെ ജീവിതത്തിൽ ഇന്നുണ്ടായ എല്ലാ സൗഭാഗ്യങ്ങളും വി.എസിനെ അനുകരിച്ച് നേടിയതാന്നെന്നു പറഞ്ഞപ്പോൾ പ്രമോദിന്റെ വാക്കുകളിടറി.
15 ഓളം വിദേശ രാജ്യങ്ങളിൽ എന്നെ എത്തിച്ചത് അച്യുതാനന്ദൻ സാറിന്റെ രൂപം അനുകരിച്ചിട്ടാണ്. 25 കൊല്ലം മുമ്പ് കൊച്ചിൻ ഹരിശ്രീയിൽ പ്രവർത്തിക്കുന്ന സമയത്ത് എനിക്ക് വി.എസിന്റെ ഫിഗർ ചെയ്യാൻ കഴിയുമെന്നു പറഞ്ഞ് കോമിക് റെക്കോർഡ്സ് എന്ന പരിപാടിയിൽ അവസരം തന്നത് മിമിക്രി ആർട്ടിസ്റ്റ് ബൈജു ജോസാണ്.
വി.എസ് മുഖ്യമന്ത്രിയായിരിക്കുന്ന സമയം. അന്ന് ഞങ്ങൾ സിനിമാലയുടെ സ്ക്രിപ്റ്റ് എഴുത്തിനായി ആലുവ പാലസിലുണ്ട്. മുഖ്യമന്ത്രിയുണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തെ ഒന്നു കാണാൻ കഴിയുമോയെന്ന് പി.എ. സുരേഷിനോട് ഞാൻ ചോദിച്ചു.
വൈകാതെ തന്നെ മുഖ്യമന്ത്രിയുടെ മുറിയിലേക്ക് വിളിപ്പിച്ചു. അദ്ദേഹം കർക്കശക്കാരനായ ഒരാൾ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. ഇതുകൊണ്ടൊക്കെ ജീവിക്കാൻ പറ്റുന്നുണ്ടോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എന്നെക്കൊണ്ട് ആർക്കും ഒരു ജോലി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നെക്കൊണ്ട് ആരെങ്കിലും ജീവിക്കുന്നുവെങ്കിൽ ജീവിക്കട്ടെ. പരിപാടിയൊന്നും ഞാൻ കാണാറില്ല. എങ്കിലും നിങ്ങളെയൊക്കെ ഞങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വി.എസിനെക്കുറിച്ചുള്ള ഓർമകളിൽ പ്രമോദ് തേങ്ങി.
അൽബേനിയയിൽ ബി.എസ് സി നഴ്സിംഗ് വിദ്യാർഥിയായ എന്റെ മകൻ ആദിത്യൻ വി. എസിന്റെ മരണ വിവരം അറിഞ്ഞ് തന്നെ വിളിച്ചു കരഞ്ഞു. എന്റെ മക്കൾ ചെറുപ്പം മുതൽ പ്രമോദ് മാള എന്ന അച്ഛനായിട്ടല്ല വി.എസിന്റെ അപരനായിട്ടാണ് എന്നെ കണ്ടു വളർന്നത്.
ഞങ്ങളുടെ അച്ഛനെ വളരെ വൃത്തിയായിട്ടാണ് താങ്കൾ അനുകരിക്കുന്നതെന്ന് ഒരിക്കൽ ഡോ. അരുൺ കുമാർ പറയുകയുണ്ടായി. അത് ഓസ്കാർ അവാർഡിന് തുല്യമായിരുന്നുവെന്നും പ്രമോദ് മാള പറഞ്ഞു.
Tags : VS pramod vs Achuthandan