ADVERTISEMENT
പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിനു ശേഷം അതിനൊത്ത കഥാപാത്രങ്ങൾ സിജു വിൽസനെ തേടിയെത്താത്തതിൽ വിഷമമുണ്ടെന്ന് സംവിധായകൻ വിനയൻ. ചിത്രത്തിനുണ്ടായ വലിയ വിജയത്തിനുശേഷം സിജുവിനെ ഇനി കിട്ടില്ലെന്നും ഭയങ്കര തിരക്കായിരിക്കുമെന്നും കരുതിയെന്നും എന്നാൽ വിചാരിച്ചതുപോലെ ഒന്നും നടന്നില്ലെന്നും വിനയൻ പറഞ്ഞു.
സിജു വില്സണ് നായകനാകുന്ന പുതിയ ചിത്രം ‘ഡോസി’ന്റെ ലോഞ്ച് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഒരുപാട് പുതിയ ആളുകളെ ഞാൻ കൊണ്ടു വന്നിട്ടുണ്ട്. അന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തിനായി സിജു നടത്തിയതുപോലൊരു ട്രാൻസ്ഫർമേഷൻ പക്ഷേ വേറൊരു നായകനും നടത്തിയിട്ടില്ല. അന്ന് ഈ കഥാപാത്രത്തെ തീരുമാനിച്ചപ്പോൾ ഷർട്ട് ഊരി എന്നെയൊന്നു കാണിക്കാൻ സിജുവിനോട് ആവശ്യപ്പെട്ടു. വളരെ സ്ലിം ആയൊരു ശരീരമായിരുന്നു.
ആറു മാസത്തിനകം ഞാനിതു വേലായുധപ്പണിക്കരെപ്പോലെയാക്കും എന്നു പറഞ്ഞു. മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം ആ ലുക്കിലെത്തി. അതാണ് ട്രാൻസ്ഫർമേഷൻ. കുതിരപ്പുറത്തൊക്കെ ചാടിക്കയറുന്നത് ആരുടെയും സഹായമില്ലാതെയാണ്.
അതു മാത്രമല്ല, ഇത്തരം ചരിത്ര കഥാപാത്രങ്ങളെ നമ്മുടെ നാട്ടിൽ ഇതിനു മുമ്പ് ചെയ്തിട്ടുള്ളത് സൂപ്പർതാരങ്ങൾ മാത്രമാണ്. അങ്ങനെയുള്ളപ്പോഴാണ് ഒരു കൊച്ചു ചെറുപ്പക്കാരൻ ഈ വേഷം ചെയ്തത് ജനങ്ങളുടെ കൈയടി മേടിച്ചത്. ഒരു നടനെന്ന നിലയിലുള്ള സിജുവിന്റെ ഗ്രാഫിന്റെ ഉയർച്ച കൂടിയായിരുന്നു ആ വേഷം.
ആ സിനിമയും കഥാപാത്രവും വലിയ ചർച്ചയായി. സിനിമയും വലിയ വിജയമായിരുന്നു. അന്നു ഞാൻ വിചാരിച്ചത്, സിജുവിനെ ഇനി നമുക്കൊന്നും കിട്ടത്തില്ല, കൈയിൽനിന്നു പോകും ഭയങ്കര ആക്ഷൻ ഹീറോയായി മലയാളത്തിൽ മാറുമെന്നാണ്. എന്തുകൊണ്ടോ അതുണ്ടായില്ല. അതാണ് സിജൂ, സിനിമ.
അഭിനയിക്കാനും ട്രാൻസ്ഫർമേഷൻ നടത്താനും മാത്രമല്ല, സിനിമയിൽ സെൽഫ് മാർക്കറ്റിംഗും അവിടെ നിൽക്കാനുമൊക്കെയായി ചില തന്ത്രങ്ങൾ വേണം. ഇത്ര വലിയൊരു സംഭവം ചെയ്തിട്ടും, ആ ചെയ്ത പരിശ്രമത്തിനനുസരിച്ചുള്ള വാക്കുകളോ വാർത്തകളോ ഒന്നും വന്നില്ല.
എനിക്കു വലിയ വിഷമമുണ്ട്. അതിനും ഞാൻ തന്നെ വേണമെന്ന് ഇപ്പോൾ ചിന്തിക്കുകയാണ്, സിജുവിനു വേണ്ടി അതിലും വലിയൊരു സിനിമയുമായി വന്നിരിക്കും. അതിനൊരു പദ്ധതിയുണ്ട്, അത് വലിയൊരു സിനിമ തന്നെയാകും.’’വിനയൻ പറഞ്ഞു.
Tags : vinayan siju wilson