ADVERTISEMENT
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവിതം ആസ്വദിക്കുന്നു. ആവോളം രസിക്കുന്നു. പാരവെപ്പും അല്പസ്വല്പം അലന്പുമൊക്കെയായി അവർ അങ്ങനെ ജീവിക്കുന്നതിനിടയിൽ സംഭവിക്കുന്ന ചില രസകരമായ കാര്യങ്ങൾ. ഇതാണ് ഒറ്റ നോട്ടത്തിൽ രോമാഞ്ചം എന്ന ചിത്രം.
ഹൊറർ കോമഡിയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബംഗളൂരു നഗരത്തിൽ 2007ൽ നടക്കുന്ന കഥ. ഒരു കൂട്ടം ബാച്ചിലേഴ്സായ ചെറുപ്പക്കാർ ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കുന്നു. സൗഹൃദങ്ങൾ കൊണ്ടുനടക്കുന്നവർക്ക് തികച്ചും മനസിലാക്കാൻ സാധിക്കും ആ ഒരു ജീവിതം എങ്ങനെയാകുമെന്ന്.
കളിയും ചിരിയും വെള്ളമടിയും വീതിച്ചു കൊടുക്കുന്ന വീട്ടു ജോലികളും അങ്ങനെ കൂട്ടായി താമസിക്കുന്പോഴുണ്ടാകുന്ന ഏറ്റവും രസകരമായ നിമിഷങ്ങൾ. അതിനിടയിൽ സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രം ക്ഷണിച്ചു വരുത്തുന്ന രണ്ട് അതിഥികൾ കാരണം ഉണ്ടാകുന്ന തലവേദയും പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. സൗബിന്റെ കഥാപാത്രത്തിന്റെ പ്രിയപ്പെട്ട വിനോദമായ ആത്മാവിനെ വിളിച്ചു വരുത്താനുള്ള ഓജോ ബോർഡാണ് അതിലൊരു താരം.
സൗബിൻ ഷാഹീറിന്റെ കൂടെയുള്ള മറ്റു ചെറുപ്പക്കാർക്കുമൊപ്പം അർജുൻ അശോകും തകർത്തങ്ങ് അഭിനയിക്കുകയാണ്. അപാരമായ കാസ്റ്റിംഗ്. അപാരമായ ഹ്യൂമർ. ഇതാണ് ചിത്രം. ഒരറ്റം മുതൽ മറ്റേ അറ്റം വരെ അവർ അങ്ങ് തകർക്കുകയാണ് ചിത്രത്തിൽ.
ജിതു മാധവൻ എന്ന സംവിധായകൻ പാകപ്പെടുത്തിയ ഈ വിഭവം ഒട്ടും പേടികൂടാതെ ആവോളം ചിരിപ്പിക്കുമെന്ന് ഉറപ്പാണ്. വളരെ സിംപിളായ ചിത്രം. യാതൊരു വിധത്തിലുള്ള കോംപ്ലിക്കേഷൻസുമില്ലാതെ രസകരമായി കണ്ടു നിങ്ങൾക്ക് തിയറ്റർ വിട്ടിറങ്ങാം.
കൂട്ടിന് സുഷിൻ ശ്യാമിന്റെ അതിമനോഹരമായ പശ്ചാത്തല സംഗീതം. നിങ്ങൾക്കാദരഞ്ജലി നേരട്ടെ എന്ന തരംഗം സൃഷ്ടിച്ച ഗാനവും ആസ്വദിക്കാം. സൗബിൻ ഷാഹീറും അർജുൻ അശോകനും അരങ്ങ് തകർക്കുന്പോൾ ഒട്ടും കുറവില്ലാതെ അവർക്കൊപ്പം അപാര പ്രകടനം കാഴ്ച വയ്ക്കുകയാണ് ഒതളങ്ങാതുരുത്തിലെ നത്ത് അബിൻ ജോർജും ജഗദീഷ്കുമാറും അടക്കം ഒരു കൂട്ടം ചെറുപ്പക്കാർ.
സിനിമയുടെ പ്രൊമോഷനുകളില്‍ പോലും പരാമര്‍ശിക്കാത്ത ആദ്യം മുതല്‍ അവസാനം വരെ നില്ക്കുന്ന നായിക സാന്നിധ്യം കഥയെ വേറെ തലങ്ങളില്‍ എത്തിച്ചു.
ഇനിയെന്തു സംഭവിക്കുമെന്ന ആകാംഷ നിലനിൽക്കുന്പോഴേക്കും ചിത്രം തീരുകയാണ്. രോമാഞ്ചം രണ്ടാം ഭാഗത്തിനായി കാത്തിരിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട്. ജിതു മാധവൻ കഥയെഴുതി സംവിധാനം ചെയ്ത രോമാഞ്ചത്തിന്റെ നട്ടെല്ല് സംഗീതസംവിധായകൻ സുഷിൻ ശ്യാമാണ്.
സാനു താഹിറിന്റെ ക്യാമറ കണ്ണുകൾ ചിത്രത്തെ മറ്റൊരു പരിസരത്തേക്ക് എത്തിക്കുന്നുവെന്നതിൽ സംശയമില്ല. എഡിറ്റിംഗിലും അതിഗംഭീര അനുഭവമാണ് കിരിൺ ദാസ് സമ്മാനിക്കുന്നത്.
ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്സിന്റെയും, ഗുഡ് വില്‍ എന്റെര്ടൈന്മെന്റിന്റെയും ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ജോബി ജോര്‍ജ്, ഗിരീഷ് ഗംഗാധാരന് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഈ ചിത്രം നിങ്ങൾക്ക് ഒരിക്കലും നിരാശ സമ്മാനിക്കില്ല എന്നുറപ്പ്. പകരം ഓർമകളുടെ രോമാഞ്ചമായി വന്ന് ഈ ചിത്രം നിങ്ങളുടെ മനസ് നിറയ്ക്കും. തീർച്ച.
Tags : soubin shahir siju sunny