ADVERTISEMENT
ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കിയതായും ഇന്ന് പ്രദര്‍ശനത്തിനെത്തുമെന്നും നിർമാതാക്കള്‍ കോടതിയെ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ ജസ്റ്റീസ് എന്‍. നഗരേഷാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
അതേസമയം സിനിമയുടെ ടീസറിലും മുമ്പ് ഇറക്കിയ പോസ്റ്ററിലും ജാനകി വി. സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റാത്തതുകൊണ്ട് ഹര്‍ജിക്കാര്‍ക്കെതിരേ നടപടി ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
ടീസറിന് സെന്‍സര്‍ ബോര്‍ഡ് നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് ജാനകി എന്ന പേര് മാറ്റണമെന്നു നിർദേശിച്ച് സിനിമയ്ക്കു പ്രദര്‍ശനാനുമതി നിഷേധിച്ചത്. മാനഭംഗത്തിനിരയാകുന്ന നായികയ്ക്ക് സീതാദേവിയുടെ പര്യായമായ ജാനകിയുടെ പേര് നല്‍കിയതാണ് സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനു കാരണമായത്. തുടര്‍ന്ന് സിനിമയുടെ ടൈറ്റിലിലും ഉള്ളടക്കത്തിലും മാറ്റങ്ങള്‍ വരുത്തിയ പുതിയ പതിപ്പിനാണ് അനുമതി നല്‍കിയത്.
ടീസറിലടക്കം പേര് മാറ്റുന്നതിലെ ചെലവ് ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ ഇളവു വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചു. ഇത് കോടതി അനുവദിക്കുകയായിരുന്നു.
Tags : suresh gopi anupama parameswaran