ADVERTISEMENT
ഭേദപ്പെട്ട സിനിമകൾ കാണാൻ ആളുകൾ വരുന്നില്ലെന്നും കോടികൾ മുടക്കിയെന്ന പരസ്യമാണ് ആളുകളെ തിയറ്ററിലെത്തിക്കുന്നതെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.
അടുത്തിറങ്ങിയ ഒരു സിനിമ മുടക്കുമുതൽ വലുതാണെന്ന ഒറ്റ കാരണം കൊണ്ട് കളക്ഷൻ നേടിയെന്നും ഒരാൾ പോലും നല്ലത് പറഞ്ഞില്ലെന്നും അടൂർ പറഞ്ഞു.
പമ്പ (പീപ്പിൾ ഫോർ പെർഫോമിംഗ് ആർട്സ് ആൻഡ് മോർ) സാഹിത്യോത്സവം -ഫെസ്റ്റിവൽ ഓഫ് ഡയലോഗ്സ് 13-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
""ഭേദപ്പെട്ട ഒരു സിനിമയും ആളുകൾ കാണുന്നേയില്ല. ഭേദപ്പെട്ടതാണെന്നുണ്ടെങ്കില് പിന്നെയത് കാണാനുള്ളതല്ല എന്നാണ് അതിന്റെ അർഥമായി എടുത്തിട്ടുള്ളത്. പക്ഷേ ഏറ്റവും വഷളായിട്ടുള്ള സിനിമ അത് ഇറങ്ങുന്ന ദിവസം, വെളുപ്പാൻ കാലത്തു റിലീസ് ചെയ്താൽപ്പോലും അതു കാണാൻ നിറച്ച് ആളുകൾ വരും. ഒരു പരസ്യം വരണം ആദ്യമേ.
ഈ സിനിമ 500 കോടി മുടക്കിയതാണെന്ന്. ഈ 500 കോടി മുടക്കിയാൽ പിന്നെ കേമമായിരിക്കും എന്ന് ആളുകൾ വിചാരിക്കും. ഈ 500 കോടിയും ശരിക്കു പറഞ്ഞാൽ വേണ്ടാത്ത കാര്യങ്ങൾക്ക് ചെലവാക്കുകയോ കാഴ്ചക്കാരായ നമ്മളെ പറ്റിക്കാൻ വേണ്ടി ഊതി പെരുപ്പിച്ചതോ ഒക്കെയാകാം. അല്ലെങ്കിൽ അതനുസരിച്ച് അവർ ടാക്സ് കൊടുക്കണമല്ലോ, അത് കൊടുക്കുന്നില്ല.
ഈ ഇൻകംടാക്സുകാർക്കു വന്നു വേണമെങ്കിൽ പിടികൂടാമല്ലോ. അപ്പോ അവിടെ പറയാം, സാറേ, ഞങ്ങളിത് പബ്ലിസിറ്റിക്കു വേണ്ടി പറയുന്നതാണെന്ന്. ഉള്ള സത്യം പറയാൻ പറ്റില്ല. അങ്ങനെ ആളുകളുടെ മനസ്സിൽ കൊടുത്തിരിക്കുന്ന ആശയം ഇതാണ്. ഈയിടെ ഇറങ്ങിയ ഒരു സിനിമയുണ്ട്, ഏതാണെന്നു ഞാൻ പറയുന്നില്ല.
പത്രങ്ങളിൽപോലും അതിനു പരസ്യം ചെയ്യേണ്ടി വന്നില്ല. കാരണം എല്ലാ പത്രങ്ങളുടെയും മുൻപേജിൽ അതിനെപ്പറ്റിയുള്ള വാര്ത്തകളായിരുന്നു. ആ ഒറ്റ കാരണം കൊണ്ട് ആ പടം ഓടി, വലിയ കലക്ഷനായി. കണ്ടില്ലെങ്കിൽ മോശമാണ് എന്നുള്ള രീതിയായി.
കണ്ടിട്ട് ഒരാള് പോലും അത് കൊളളാമെന്ന് പറഞ്ഞില്ല, അത് വേറൊരു ഭാഗമാണ്. കൊള്ളാമെന്നു പറഞ്ഞാൽ ഒരു മോശമല്ലേ എന്നാണ്. അതാണ് സിനിമയുടെ അവസ്ഥ.'' അടൂർ പറഞ്ഞു.
Tags : adoor gopalakrishnan cinemanews