ADVERTISEMENT
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു...”- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
ജനങ്ങളുടെ മനോഭാവത്തിന്റെ ഒരു ചൂണ്ടുപലകയായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി.വി. അന്‍വറിനെക്കൂടി ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അനവസരത്തില്‍ അദ്ദേഹം നടത്തിയ കുത്തുവാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്നലെ ദീപിക കോട്ടയം ഓഫീസിലെത്തിയ അദ്ദേഹം പത്രാധിപ സിമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് ലഭിക്കാത്തത് ജോയിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണെന്ന് അന്‍വര്‍ പറഞ്ഞത് അകല്ച്ചയിലേക്കാണു നയിച്ചത്. എല്‍ഡിഎഫ് അവര്‍ക്കു പറ്റിയ നല്ല സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍വസന്നാഹവുമായി ക്യാമ്പ് ചെയ്തു പ്രചാരണം നടത്തിയെങ്കിലും വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശുഭസൂചനയും ചൂണ്ടുപലകയുമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള നടപടികള്‍ കോണ്‍ഗ്രസും യുഡിഎഫും കൈക്കൊള്ളുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ പുതുപ്പള്ളിയിലും തൃക്കാക്കരയിലും മൂന്നിരട്ടിയായി ഭൂരിപക്ഷം വര്‍ധിച്ചു. പാലക്കാട്ടും നിലമ്പൂരും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാനായി. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ 40,000 ഭൂരിപക്ഷം 12,000ലേക്ക് കുറച്ചു. കേരളത്തിലെ വിലക്കയറ്റവും വന്യമൃഗ ആക്രമണവും കാര്‍ഷിക പ്രശ്നങ്ങളും ഉയര്‍ത്തിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാല് അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവന്നെങ്കിലും ചര്‍ച്ചയ്ക്കു പോലും എടുത്തില്ല. വന്യമൃഗശല്യം ചര്‍ച്ച ചെയ്യാന്‍ ഒന്നരമണിക്കൂര്‍ പോലും നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്കു കത്ത് കൊടുത്തിട്ടും നടപടിയുണ്ടായില്ല. പാലായില്‍ നവകേരള സദസുമായി മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്ഥലം എംപിയായിരുന്ന തോമസ് ചാഴികാടന് റബര്‍ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും റബര്‍ കര്‍ഷകരോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നത്. മലയോര പ്രദേശം പോലെ തീരപ്രദേശവും പ്രതിസന്ധിയിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു
232 രൂപ വേതനമുള്ള ആശാ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ മനോഭാവം അപലപനീയമാണ്. ഇതു നിലനില്ക്കുമ്പോള് കാര്യമായ പണിയൊന്നുമില്ലാത്ത പിഎസ്സി ചെയര്‍മാന്റെ ശമ്പളം 4,10,000 രൂപയാക്കി. കൊട്ടിഘോഷിച്ച നാഷണല്‍ ഹൈവേ വികസനം പൊട്ടിപ്പൊളിഞ്ഞു. അദാനി ടെന്‍ഡര്‍ എടുത്തത് 1800 കോടിക്കാണ്. അദാനി അതു സബ് കോണ്‍ട്രാക്ട് കൊടുത്തത് 900 കോടിക്ക്; അതായത്, പകുതി ലാഭം.
തദ്ദേശ തെരഞ്ഞെടുപ്പ്
അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം 1100 ആയി തെരഞ്ഞെടുപ്പു കമ്മീഷന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം 1300 ആക്കി. ത്രിതല തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടുകള്‍ ചെയ്യണം. അതിനാൽ സമയത്ത് വോട്ടെടുപ്പ് തീരില്ല എന്നു പറയുന്നത്. പലര്‍ക്കും വോട്ടു മുടങ്ങും.
കേരള കോണ്‍ഗ്രസ് -എം
പാര്‍ട്ടികള്‍ എന്ന നിലയില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അക്കാര്യം കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ന്യായവും സത്യവും എവിടെയാണെന്ന് കേരള കോണ്‍ഗ്രസ് -എം പരിശോധിക്കണം.
വനനിയമം
1972ല്‍ വനനിയമം വരുമ്പോള്‍ ഇക്കാലത്തേതുപോലെ വന്യമൃഗശല്യം ഇല്ല. ആ സമയം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നിയമം ഉണ്ടാക്കിയത്. ഇപ്പോള്‍ വന്യമൃഗം പെരുകി മനുഷ്യര്‍ക്കാണ് ജീവിതം വഴിമുട്ടിയത്. ഓസ്ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരു പെറ്റുപെരുകുമ്പോള്‍ അവയെ വെടിവയ്ക്കുകയാണ്. ഇവിടെ കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുകയാണ് വെളിച്ചെണ്ണ ഒഴിച്ച് വേവിച്ച് ഭക്ഷിക്കുകയാണു വേണ്ടത്. 1972ലെ വകുപ്പിലെ 62-ാം വകുപ്പില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രസര്‍ക്കാരിനു പ്രഖ്യാപിക്കാം. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു പറയുന്നില്ല.
ഗവര്‍ണറും ഭാരതാംബ വിവാദവും
ഭരണഘടനയുടെ ആമുഖത്തില്‍നിന്നു സോഷ്യലിസവും മതേതരതവും മാറ്റണമെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത്. ഇന്ത്യ മതരാഷ്ട്ര മല്ല, മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖം അതിന്റെ ഹൃദയമാണ്. ബിജെപി ഏതറ്റം വരെയും പോകും. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു.
Tags : Nilambur people election aryadanshoukath pinarayivijayan sunnyjoseph UDF