ADVERTISEMENT
തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക് ‘മുല്ലപ്പെരിയാർ 50 അടി ടണൽ അപകടകരം’ എന്ന തലക്കെട്ടിൽ ദീപികയിൽ എഴുതിയ ലേഖനത്തിൽ ഉന്നയിക്കുന്ന വിഷയം കൂടുതൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ഇവിടെ പ്രശ്നം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടോ അതോ ടണലോ എന്നതാണ്. കേരളത്തിലെ സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും പുതിയ ഡാമിനുവേണ്ടി മുറവിളി കൂട്ടുന്പോഴാണ് കേരളത്തിന്റെ ദീർഘകാല ഭാവിക്കു ഡാം ആണോ നല്ലത് എന്ന ചോദ്യമുയരുന്നത്. പുതിയ അണക്കെട്ട് നല്ലതല്ലെന്നാണ് പി.സി. സിറിയക് ലേഖനത്തിൽ വ്യക്തമാക്കുന്നത്.
അപ്പോൾ പിന്നെ എന്ത് എന്ന ചോദ്യം പ്രസക്തമാണ്. അതിന് അദ്ദേഹം നിർദേശിക്കുന്നത് നിലവിൽ തമിഴ്നാട്ടിലേക്കു വെള്ളമെടുക്കുന്ന ടണലിന്റെ വലിപ്പം കൂട്ടണം എന്നാണ്. ഒരു വിദഗ്ധ ഏജൻസിയും ഇന്നുവരെ അങ്ങനെയൊരു നിർദേശം മുന്നോട്ടു വച്ചിട്ടില്ല. കേരളത്തിൽ അധികമഴ ലഭിക്കുന്ന സന്ദർഭങ്ങളിൽ നിലവിലുള്ള ടണലി
ലൂടെ എത്തുന്ന വെള്ളം മുഴുവൻ പെൻസ്റ്റോക് പൈപ്പിലൂടെ കൊണ്ടുപോകാൻ കഴിയാതെ വരുന്പോൾ ഫോർബെ ഡാമിലെ ഷട്ടർ തുറന്നുവിടാറുണ്ട്. അങ്ങനെ ഷട്ടർ തുറന്നുവിടുന്പോൾ കന്പം-കുമളി റോഡിലെ ഇറച്ചിപ്പാലം (ഇരൈച്ചിൽ പാലം) ഭാഗത്തു റോഡ് തകരുന്നതു പതിവാണ്. അപ്പോൾ പിന്നെ നിലവിലെ ടണലിന്റെ വലിപ്പം കൂട്ടിയാൽ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിലവിലുള്ള ടണലിന്റെ വലിപ്പം കൂട്ടി വെള്ളം കൊണ്ടുപോയാൽ ചിലപ്പോൾ കന്പം, ഗൂഡല്ലൂർ തുടങ്ങിയ ടൗണുകൾകൂടി ഒലിച്ചുപോയേക്കാം.
പിന്നീട് അദ്ദേഹം പറയുന്നത് “ഇപ്പോൾ ചിലർ പറയുന്നതുപോലെ 50 അടി വരെ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ല, അങ്ങനെ വന്നാൽ തമിഴ്നാട് കൂടുതൽ ജലം എടുക്കും” എന്നാണ്. ഇവിടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളത്തിന്റെ യഥാർഥ പ്രശ്നം എന്താണെന്നു ചിന്തിക്കേണ്ടതുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്പോഴാണ് പെരിയാർ തീരത്തെ ജനങ്ങളുടെ ആശങ്ക വർധിക്കുന്നത്. 2025ലെ കാര്യം തന്നെയെടുക്കാം. ഈ വർഷം വേനൽക്കാലത്ത് ഡാമിലെ ജലനിരപ്പ് 106 അടി വരെ താഴ്ന്നുനിൽക്കുന്ന സമയത്താണ് ജൂണ് ആദ്യ ആഴ്ചയിൽ കാലവർഷം ആരംഭിച്ചത്. വെറും 20 ദിവസംകൊണ്ട്, ജൂണ് 29ന് ഡാം തുറന്നുവിടേണ്ട സ്ഥിതിയുണ്ടായി.
അതായത്, കർക്കടകമാസം തുടങ്ങുന്നതിനു 15 ദിവസം മുന്പ് ഡാം തുറക്കേണ്ട സാഹചര്യമുണ്ടായി. അതുകൊണ്ടാണ് 2014ലെ സുപ്രീംകോടതി വിധിയിൽ പറയുന്നത് താഴ്ന്ന വിതാനത്തിൽ പുതിയ ടണൽ നിർമിച്ച് ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്ന്.
നിലവിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഡെഡ് സ്റ്റോറേജ് 106 അടിയാണ്. കാലവർഷം തുടങ്ങുന്നതോടുകൂടി ജലനിരപ്പ് ഉയരാൻ തുടങ്ങുന്നത് 106 അടിയിൽനിന്നാണ്. കാലവർഷം അവസാനിക്കാറാകുന്പോൾ ഡാം ഏതാണ്ട് നിറയും. പിന്നീട് തുലാവർഷംകൂടി എത്തുന്നതോടെ പെരിയാർ തീരം ആശങ്കയിലാകും. അതുകൊണ്ടാണ് 50 അടി ടണൽ എന്ന നിർദേശം 2011ൽ ഈ ലേഖകൻ മുന്നോട്ടു വച്ചത്. ഇന്ത്യയുടെ പരമോന്നത നീതിപീഠവും ഈ ടണലിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.
2014ലെ വിധിയിൽ സുപ്രീംകോടതി അർഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞിരിക്കുന്നു 50 അടി ഉയരത്തിൽ പുതിയ ടണൽ വേണമെന്ന് (പേജ് 151). ഈ ടണൽ നിർമിക്കേണ്ടത് തമിഴ്നാടാണ് (പേജ് 151). ഒരു പുതിയ ഡാം നിർമിക്കുന്നതിനേക്കാൾ എത്രയോ തുച്ഛമായ ചെലവു മാത്രമേ വരൂ ഒരു പുതിയ ടണൽ നിർമിക്കാൻ (പേജ് 151). കോടതി പറയുന്നു, തമിഴ്നാടിന് മുല്ലപ്പെരിയാർ ഡാമിൽനിന്നു കൂടുതൽ ജലം എടുക്കാം (പേജ് 151). ഇതിലെല്ലാമുപരി കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകൾ അവസാനിക്കുമല്ലോയെന്നും സുപ്രീംകോടതി നിരീക്ഷിക്കുന്നു (പേജ് 151).
ചീഫ് ജസ്റ്റീസ് ആർ.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഇങ്ങനെയൊരു വിധി വന്നിട്ടുണ്ട്. ഇത്തരമൊരു വിധി വന്നത് സെൻട്രൽ വാട്ടർ കമ്മീഷൻ (സിഡബ്ല്യുസി), സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷൻ (സിഎസ്എംആർഎസ്), സെൻട്രൽ വാട്ടർ പവർ കോർപറേഷൻ (സിഡബ്ല്യുപിസി), ഇന്ത്യൻ റെയർ എർത്ത് (ഐആർഇ), ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് സുപ്രധാന ഏജൻസികൾ നടത്തിയ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. സുപ്രീംകോടതി ഇത്രയും ഏജൻസികളുടെ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 50 അടിക്ക് ടണലാകാം എന്നു പറയുന്പോൾ, 50 അടിക്ക് ടണൽ അപകടകരം എന്ന് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണു പറയുന്നത്.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പു താഴ്ന്നാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഭൂഗർഭജലം താഴ്ന്നുപോകും എന്ന വാദവും കൂടുതൽ പഠനവിഷയമാക്കണം. ഒരു നദിയുടെ സ്വാഭാവിക ഒഴുക്ക് ഡാം കെട്ടി തടസപ്പെടുത്തുന്പോൾ എത്ര കിലോമീറ്ററിലാണ് ഭൂഗർഭ ജലം താഴ്ന്നുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തമായ കണക്കുണ്ടോ? ഒരു പ്രദേശത്തെ ഭൂഗർഭജലത്തിന്റെ അളവ് അവിടെ ലഭിക്കുന്ന മഴയുടെ തോതനുസരിച്ചാണ്.
ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂഗർഭജലം ഉണ്ടാകുന്നത് മുല്ലപ്പെരിയാർ ഡാം ഉള്ളതുകൊണ്ടാണ് എന്ന് പറയുന്നതിൽ എത്രമാത്രം ശരിയുണ്ട് എന്നത് പഠിക്കേണ്ടതുതന്നെയാണ്. എന്തായാലും മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടാണോ പുതിയ ടണലാണോ അഭികാമ്യം എന്ന ചർച്ചയാണു നടക്കേണ്ടത്. മറ്റു വഴിക്കു ചർച്ച തിരിച്ചുവിടാൻ ശ്രമിക്കുന്നത് ഒട്ടും ഗുണകരമല്ല.
(ലേഖകൻ മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർപേഴ്സണും ഡാം 999 + 999 എന്ന
ഗ്രന്ഥത്തിന്റെ രചയിതാവുമാണ്.)
Tags : mullaperiyardam kerala tamilnadu supremecourt judgement