കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നടന്ന ദാരുണസംഭവം കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിലനിൽക്കുന്ന അനേകം പിഴവുകളിലേക്കാണു വിരൽചൂണ്ടുന്നത്. ഫുട്ബോൾ കളിക്കിടെ, സ്കൂൾ കെട്ടിടത്തോട് ചേർന്നുള്ള സൈക്കിൾ ഷെഡിന്റെ മേൽക്കൂരയിൽ കിടന്ന ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ 13 വയസുകാരനായ കല്ലട വിളന്തറയിലെ മനു ഭവനത്തിൽ മിഥുൻ ഷോക്കേറ്റു മരിക്കുകയായിരുന്നു. ഭരണാധികാരികളും യുവതലമുറയുടെ വിദ്യാഭ്യാസത്തിന്റെ ഗൗരവകരമായ ചുമതല ഏൽപ്പിച്ചവരും ഈ പിഴവുകളൊന്നും പരിശോധിക്കാതെ വിട്ടുകളയുകയാണ്. ഒരുകാലത്തു പേരുകേട്ട കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ, ഇന്നത്തെ ദുരന്തം വെളിപ്പെടുത്തുന്നതുപോലെ എത്ര സങ്കടകരമാണ്.
സ്കൂളിലെ വിദ്യാർഥികളെല്ലാം ഇഷ്ടപ്പെട്ടിരുന്ന, മിടുമിടുക്കനായിരുന്ന ഈ വിദ്യാർഥിയുടെ മരണം അവിശ്വസനീയമാണ്. അവന്റെ പഠനത്തിനിടെ സ്കൂളിൽ സംഭവിച്ച പിഴവുകൾ, കുട്ടികളുടെ വളർച്ചയിൽ അധ്യാപകരും കുടുംബാംഗങ്ങളും സമൂഹത്തിലെ പലരും നൽകേണ്ട ശ്രദ്ധയെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. എല്ലാക്കാര്യങ്ങളും പ്രതിബദ്ധതയോടും നിശ്ചയദാർഢ്യത്തോടും കൂടി ഏറ്റെടുക്കുന്ന കുട്ടിയായിരുന്നു മിഥുൻ. എല്ലാവരും ഒരേ സ്വരത്തിലാണ് അവനെ പ്രശംസിച്ചിരുന്നത്. അങ്ങിനെയാണവൻ തേവലക്കര സ്കൂളിലെത്തിയത്. സ്കൂൾ മാറാൻ ആദ്യമൊന്നു ശങ്കിച്ചിരുന്നെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും വീണ്ടും മാറാമെന്ന ഉറപ്പായിരുന്നു അവന്റെ ആശ്വാസം.
തുടക്കത്തിൽ അവൻ സന്തോഷവാനായിരുന്നു. ഫുട്ബോൾ ടീമിൽ നന്നായി കളിച്ചു. അതവനെ ആവേശഭരിതനാക്കി. പിന്നീട് അവൻ അച്ഛനോടൊപ്പം ട്യൂഷൻ സെന്ററിൽ പോകുകയും രാവിലെ ഒന്പതുമണിക്കുതന്നെ ബസിൽ പുതിയ സ്കൂളിൽ എത്തുകയും ചെയ്തു. അങ്ങനെ കിട്ടിയ സമയം ഫുട്ബോൾ കഴിവുകൾ മെച്ചപ്പെടുത്താനാണ് അവൻ ഉപയോഗിച്ചത്. ആ നിർണായക ദിവസവും പതിവുപോലെ. സൈക്കിൾഷെഡിന്റെ മുകളിൽ കിടന്ന ചെരിപ്പെടുക്കാൻ അവൻ ഒരു മടിയുമില്ലാതെ കയറി. ക്ലാസ് റൂമിൽനിന്ന് ഷെഡിന്റെ മേൽക്കൂരയിലേക്കു കയറാൻ മിഥുൻ ഒരു ഡെസ്ക് ഉപയോഗിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നനഞ്ഞ മേൽക്കൂരയിൽ തെന്നുകയും വൈദ്യുതകന്പിയിൽ സ്പർശിക്കുകയും ചെയ്തതോടെയാണ് ദാരുണമായ അന്ത്യമുണ്ടായത്.
അടുത്തുണ്ടായിരുന്ന വിദ്യാർഥികൾ അവനെ കന്പിയിൽനിന്നു രക്ഷിക്കുകയും അധ്യാപകരെ വിവരമറിയിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഉടൻതന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ മനു നിർമാണത്തൊഴിലാളിയും അമ്മ സുജ കുവൈറ്റിൽ ഹോം നഴ്സുമാണ്. ജോലിയുമായി ബന്ധപ്പെട്ട് തുർക്കിയിലായിരുന്നതിനാൽ വൈകുന്നേരമാണ് അമ്മ വിവരമറിഞ്ഞത്. മിഥുന്റെ സഹോദരൻ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. സ്കൂൾ അധികൃതർ ഈ ദുരന്തം കെഎസ്ഇബിയെ അറിയിച്ചു.
ഇതുപോലുള്ള പല ദുരന്തങ്ങളിലുമെന്നപോലെ, സംസ്ഥാന സർക്കാരും സ്കൂൾ അധികൃതരും ഇലക്ട്രിസിറ്റി ബോർഡും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നെങ്കിൽ മിഥുന്റെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. സാഹചര്യം അങ്ങേയറ്റം മോശമായി. കേരളത്തിൽ മാത്രമല്ല, ഒരുപക്ഷേ ദേശീയതലത്തിൽപോലും പഠനത്തിലും കായികരംഗത്തും നന്നായി തിളങ്ങുമായിരുന്ന ഒരു വിദ്യാർഥിക്ക് ദാരുണമായ അന്ത്യം സംഭവിച്ചു എന്നതാണ് അനന്തരഫലം.
മിഥുനെ സഹായിക്കാൻ കായികവകുപ്പ് മുൻകൈ എടുത്തിരുന്നെങ്കിൽ വെറും പതിമൂന്നാം വയസിൽ അവനു ജീവൻ നഷ്ടമാകുമായിരുന്നില്ല. സ്കൂൾ അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിലും കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. സൈക്കിൾ ഷെഡിന്റെ കാര്യമെടുക്കുക. അതു നന്നായി നിർമിക്കാമായിരുന്നു. ഒരു നല്ല സ്റ്റാൻഡും ഉണ്ടാക്കാമായിരുന്നു. അങ്ങനെയെങ്കിൽ സഹായത്തിനായി അവന് ഒരു വൈദ്യുതകന്പിയെ ആശ്രയിക്കേണ്ടി വരുമായിരുന്നില്ല.
കൂടാതെ, വിദ്യാർഥിയുടെ മരണകാരണം സ്കൂൾ മാനേജ്മെന്റിന്റെയും കെഎസ്ഇബിയുടെയും വീഴ്ചയാണെന്ന് കെഎസ്ഇബി കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ആ വൈദ്യുതലൈൻ സ്കൂളിനും മറ്റൊരു വ്യക്തിക്കും വേണ്ടിയുള്ളതായിരുന്നു. നിലവിലുള്ള ലൈൻ മാറ്റുന്നതിനും ആവശ്യമായ കേബിൾ സ്ഥാപിക്കുന്നതിനും കെഎസ്ഇബി ജീവനക്കാർ തീരുമാനിച്ചിരുന്നു. ഈ വസ്തുത സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് ഗോവിന്ദപിള്ളയെ അറിയിച്ചിരുന്നുവെന്നാണ് അറിയുന്നത്. അടുത്ത മാനേജ്മെന്റ് യോഗത്തിൽ ഇതു ചർച്ച ചെയ്യാനും തീരുമാനിക്കാനുമിരുന്നതായിരുന്നു. സൈക്കിൾ പാർക്കിംഗ് ഷെഡിന്റെ മുകൾഭാഗവും വൈദ്യുതലൈനും തമ്മിൽ ആവശ്യത്തിന് അകലമുണ്ടായിരുന്നില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ റിപ്പോർട്ടിലുണ്ടെന്നും വാർത്തകളിലുണ്ട്.
സൈക്കിൾ ഷെഡ് വിദ്യാർഥികളുടെ സുരക്ഷയും ആവശ്യമായ മാനദണ്ഡങ്ങളും പരിഗണിക്കാതെയാണ് നിർമിച്ചതെന്നും റിപ്പോർട്ടുണ്ട്. മാനദണ്ഡങ്ങളെല്ലാം, പ്രത്യേകിച്ച് ഷെഡിന്റെ ഉയരം, ശരിയായി പാലിച്ചിരുന്നെങ്കിൽ ഈ അപകടകരമായ സാഹചര്യം ഒഴിവാക്കാമായിരുന്നു. സ്കൂൾ ഗ്രൗണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുതലൈനിന് മതിയായ കവചം നൽകാനും ആവശ്യാനുസരണം സുരക്ഷിതമാക്കാനും സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടില്ല. വിവിധ വകുപ്പ് മേധാവികൾ ഇത് ഒരു യോഗത്തിൽ പരിഗണിച്ചിരുന്നെങ്കിലും ഗൗരവമായി എടുത്തില്ല. സാന്ദർഭികമായി പറയട്ടെ, സിപിഎം നിയന്ത്രണത്തിലുള്ളതാണ് സ്കൂൾ മാനേജ്മെന്റ്.
വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിലപാട് എന്തായാലും സ്വാഗതാർഹമായി. “മിഥുന്റെ മരണം നിർഭാഗ്യകരമാണ്” എന്നു പറഞ്ഞ അദ്ദേഹം സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയറോടും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതത്തിലായ കുടുംബത്തിന് കെഎസ്ഇബി അഞ്ചു ലക്ഷം രൂപ ഇടക്കാലാശ്വാസം നൽകുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. പത്തു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് ചീഫ് ഇലക്ട്രിക്കൽ എൻജിനിയറോട് നിർദേശിച്ചിരിക്കുന്നത്. വൈദ്യുതി ലൈനുകൾക്കു താഴെയുള്ള നിർമാണം നിയമവിരുദ്ധമാണെന്നും സ്കൂൾ മാനേജ്മെന്റ് അനുമതിയില്ലാതെ ഷെഡ് നിർമിച്ചെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. ലൈനുകൾ നിലത്തുനിന്ന് അപകടകരമായ നിലയിലായിരുന്നു എന്നും, അപകടസാധ്യത അറിഞ്ഞിട്ടും അവ മാറ്റാനോ ഉയരം കൂട്ടാനോ ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതിലൈനുകൾ മാറ്റാൻ പല തവണ ആവശ്യപ്പെട്ടിട്ടും കെഎസ്ഇബി അവഗണിച്ചെന്ന് സ്കൂൾ മാനേജ്മെന്റ് നേരത്തേ ആരോപിച്ചിരുന്നു.
മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൗട്സ് ആൻഡ് ഗൈഡ്സ് ഈ പദ്ധതിക്ക് നേതൃത്വം നൽകും. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഗൗരവമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. പല മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണം കണക്കിലെടുക്കുമ്പോൾ, വിദ്യാർഥികളുടെയും സാധാരണക്കാരന്റെയും ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളെ പുനഃസംഘടിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും നിർണായക നടപടികൾ ഉണ്ടാകുമെന്നു കരുതാം.
വാസ്തവത്തിൽ, ഭരണത്തെ ക്രിയാത്മകവും ഉത്പാദനക്ഷമവും അർഥവത്തുമാക്കാൻ മുഖ്യമന്ത്രിക്ക് കിട്ടിയ ഏറ്റവും മികച്ച അവസരമാണിത്. സംസ്ഥാന സർക്കാർ ജീവനക്കാരെ ഭരണത്തിന്റെ യഥാർഥ അർഥം ബോധ്യപ്പെടുത്താനും സാധാരണക്കാരന്റെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രേരിപ്പിക്കാനുള്ള അവസരം. സെക്രട്ടേറിയറ്റിലെ ഓരോ ഫയലിന്റെയും അർഥത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പുതന്നെ അദ്ദേഹം സംസാരിച്ചിരുന്നു. പിണറായി വിജയന് ഇതു ചെയ്യാൻ കഴിയുമെങ്കിൽ, സംസ്ഥാനത്തിനു മൊത്തത്തിൽ പുതിയ തുടക്കമായിരിക്കും.