ADVERTISEMENT
വി. മനോജ്
നിപ്പ രോഗബാധയെത്തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് നാല് കേസുകൾ. പാണ്ടിക്കാട്, വണ്ടൂർ നടുവത്ത്, വളാഞ്ചേരി, മക്കരപ്പറന്പ് എന്നിവിടങ്ങളിലാണ് നിപ്പ സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ജൂലൈയിൽ പാണ്ടിക്കാട് ചെന്പ്രശേരി സ്വദേശിയായ 14 വയസുകാരൻ നിപ്പ ബാധിച്ചു മരിച്ചിരുന്നു. ചെന്പ്രശേരിയിൽനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ തിരുവാലി നടുവത്ത് സെപ്റ്റംബറിൽ 24 വയസുകാരൻ നിപ്പ ബാധിച്ചു മരിച്ചു. വണ്ടൂരിനടുത്ത് തിരുവാലി നടുവത്ത് യുവാവ് മരിച്ചത് നിപ്പ ബാധയെ ത്തുടർന്നാണെന്ന് സ്ഥിരീകരിച്ചത് പൂന വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ്. ബംഗളൂരുവിൽ എംഎസ്സിക്കു പഠിച്ചിരുന്ന 24കാരൻ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. പനി ബാധിച്ച് ദിവസങ്ങൾക്കുള്ളിലാണ് യുവാവിന്റെ മരണം സംഭവിച്ചത്. ബംഗളൂരുവിലെ കോളജിൽ പന്തുകളിക്കുന്നതിനിടെ കാലിനു പരിക്കേറ്റാണ് യുവാവ് നടുവത്തെ വീട്ടിലെത്തുന്നത്. പിന്നാലെ പനി ബാധിച്ചു. നടുവത്തെ സ്വകാര്യക്ലിനിക്കിലും വണ്ടൂർ കാളികാവ് റോഡിലെ സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടി. രോഗം കൂടിയതോടെ പെരിന്തൽമണ്ണയിലേക്ക് മാറ്റേണ്ടിവന്നു.
എംഇഎസ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് മരണം. മരണശേഷമുള്ള പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ ത്തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ്പ വൈറസ് സംശയിച്ചത്. ഉടൻ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാന്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.
പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നിപ്പ സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായി ഇവർ വെന്റിലേറ്ററിലായിരുന്നു. പനിയെത്തുടർന്ന് വളാഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനാൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ അഡ്മിറ്റായി. പനിയും തലവേദനയും ചുമയും ശ്വാസതടസവുമാണ് അനുഭവപ്പെട്ടത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്ത പരിശോധനകൾ നടത്തി. സംശയത്തെത്തുടർന്നാണു സ്രവ സാംപിൾ പരിശോധനയ്ക്കയച്ചത്. പതുക്കെ ആരോഗ്യനില വീണ്ടെടുത്തതോടെ ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
അതേസമയം, പാണ്ടിക്കാട് ചെന്പ്രശേരിയിൽ പതിനാലുകാരനായ വിദ്യാർഥിക്ക് ഏങ്ങനെയാണ് രോഗം പകർന്നതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. കുട്ടിയുടെ യാത്രകളെയും കഴിച്ച ഭക്ഷണങ്ങളെയുംകുറിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനിടെ കുട്ടി സമീപത്തെ പറന്പിൽനിന്ന് അന്പഴങ്ങ കഴിച്ചതായി കൂട്ടുകാർ പറഞ്ഞിരുന്നു. അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വവ്വാലുകളിൽനിന്നു സാന്പിൾ ശേഖരിക്കുന്നതിനായി പൂന എൻഐവിയിൽനിന്നുള്ള വിദഗ്ധ സംഘമെത്തി നിപ്പ ബാധിത മേഖലകൾ സന്ദർശിച്ച് വൈറസിന്റെ ജീനോമിക് സർവേ നടത്തി.
ഏറ്റവുമൊടുവിൽ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന മക്കരപ്പറന്പ് സ്വദേശിനി മരിച്ചത് നിപ്പ മൂലമെന്ന് വ്യക്തമായി. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റൈനിലായി. ജൂണ്‍ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. സാന്പിൾ മെഡിക്കൽ കോളജിലെ ലെവൽ ടു ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ്പ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. യുവതി മരിച്ചതിനെത്തുടർന്ന് മക്കരപ്പറന്പിലും സമീപ പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.
പ്രതിരോധം
ഏകോപിപ്പിക്കാൻ
കേന്ദ്രസംഘമെത്തി
നിപ്പ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം മലപ്പുറത്തെത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് കഴിഞ്ഞദിവസം മലപ്പുറത്തെത്തിയത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിലെ (എൻസിഡിസി) ജോയിന്റ് ഡയറക്ടറും പൊതുജനാരോഗ്യ സ്പെഷലിസ്റ്റുമായ ഡോ. പ്രണായ് വർമയുടെ നേതൃത്വത്തിലുള്ള 10 പേരാണ് സംഘത്തിലുള്ളത്. ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോജി പൂനയിൽ നിന്നുള്ള ശാസ്ത്രജ്ഞർ, വന്യജീവി സ്പെഷലിസ്റ്റ്, വെറ്ററിനറി കണ്‍സൾട്ടന്റ്, മൃഗസംരക്ഷ വകുപ്പിലെ വിദഗ്ധർ തുടങ്ങിയവരും സംഘത്തിലുണ്ട്. സംഘം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയുമായി കൂടിക്കാഴ്ച നടത്തി.
വവ്വാലുകളുടെ നിരീക്ഷണത്തിനും സർവേക്കുമായി ഡോ. ഇ. ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ട് പേരടങ്ങുന്ന മറ്റൊരു എൻഐവി സംഘവും ഉടൻ മലപ്പുറത്തെത്തും. നിലവിൽ പാലക്കാടാണ് ഈ സംഘമുള്ളത്.