രാജന് വര്‍ക്കി
നിപ്പ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പേരാമ്പ്രക്കാരുടെ മനസില്‍ ആദ്യം നിറയുക സിസ്റ്റര്‍ ലിനിയുടെ മുഖമാണ്. ഏഴു വര്‍ഷം മുമ്പ് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പെട്ട ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട ഭാഗത്ത് ഒരു കുടുംബത്തിലെ നിപ്പ ബാധിതരെ രോഗം തിരിച്ചറിയുന്നതിനു മുമ്പ് ആശുപത്രിയില്‍ ശുശ്രൂഷിച്ചത് ലിനിയായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്സ് ആയിരുന്നു ലിനി. ദിവസങ്ങള്‍ക്കുള്ളില്‍ ലിനിയും രോഗബാധിതയായി. ഒടുവില്‍ ശുശ്രൂഷ ഏറ്റു വാങ്ങിയവരോടൊപ്പം അകാലമരണത്തിന് ആ മാലാഖയും കീഴടങ്ങി. പിന്നീട് കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങളൊന്നാകെ പോരാടി നിപ്പയെ കീഴടക്കിയെങ്കിലും ഇന്നും നിതാന്ത ജാഗ്രതയിലാണ് ചങ്ങരോത്ത്. ഇനിയൊരു ജീവനും നിപ്പയില്‍ പൊലിയാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് സിസ്റ്റര്‍ ലിനിയുടെ വിയോഗത്തിലൂടെ പ്രദേശവാസികള്‍ വ്യക്തമായി മനസിലാക്കിയിട്ടുണ്ട്.
നിപ്പ ബാധിതയായ ലിനി 2018 മേയ് 21ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പഠനത്തിനായെടുത്ത ലോണിന്റെ ബാധ്യത പോലും തീര്‍ക്കുന്നതിനു മുന്‍പാണ് ലിനിയെ നിപ്പ തട്ടിയെടുത്തത്. തുച്ഛമായ ശമ്പളത്തിന് വിവിധ സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങളായി ജോലി നോക്കിയിരുന്ന ലിനി രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള വരുമാനം പോലും ലഭിച്ചിരുന്നില്ലെങ്കിലും തന്റെ ജോലിയില്‍ എല്ലായ്പ്പോഴും കര്‍മനിരതയായിരുന്നു.
വൈറസ് ബാധ തടയാനായി ലിനിയെ അടുത്ത ബന്ധുക്കളെ മാത്രം കാണിച്ച് ആശുപത്രി അധികൃതര്‍തന്നെ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചപ്പോള്‍ ബാക്കിയായത് ഇവരുടെ പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുട്ടികളായിരുന്നു. ഈ സമയം ലിനിയുടെ ഭര്‍ത്താവ് സജീഷ് ബഹ്റിനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. 2018ല്‍ ലിനിയുടെ മരണശേഷം വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സജീഷിന് ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയുണ്ട്. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശിനി പ്രതിഭയെ വിവാഹം ചെയ്യുകയും ചെയ്തു. ലിനിയുടെ മക്കള്‍ റിതുലും സിദ്ധാര്‍ഥും ഇവര്‍ക്കൊപ്പമുണ്ട്. ഇനിയൊരു നിപ്പയും മനുഷ്യജീവനെടുക്കാതിരിക്കാന് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ തുടര്പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ്. സുനില്‍ എന്നിവര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമീളയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശാവര്‍ക്കമാരും ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നുണ്ട്.