ADVERTISEMENT
വാഷിംഗ്ടൺ ഡിസി: ക്യൂബൻ പ്രസിഡന്റ് മിഗുവേൽ ഡയസ് കാനലിന് അമേരിക്കയുടെ വീസ ഉപരോധം. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണു ക്യൂബൻ പ്രസിഡന്റിനെ കരിന്പട്ടികയിൽ ഉൾപ്പെടുത്തിയത്. ക്യൂബൻ പ്രതിരോധമന്ത്രി അൽവാരോ ലോപ്പസ് മിയേര, ആഭ്യന്തരമന്ത്രി ലാസറോ അൽബേർട്ടോ എന്നിവർക്കെതിരേയും വീസാ നിയന്ത്രണമുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇതിനുള്ള ഉത്തരവിൽ ഒപ്പിട്ടത്. 2021ൽ ഹവാനയിൽ നടന്ന ജനകീയ പ്രക്ഷോഭത്തെ ക്യൂബൻ സർക്കാർ അടിച്ചമർത്തിയത് ഉദാഹരണമാണെന്നു റൂബിയോ ചൂണ്ടിക്കാട്ടി.
അതേസമയം, ഭരണകൂടത്തെ അട്ടിമറിക്കാനായി അമേരിക്ക ആസൂത്രിതമായി പ്രക്ഷോഭം സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് ക്യൂബൻ ഭരണകൂടം പറയുന്നത്.
1960 മുതൽ ക്യൂബ അമേരിക്കൻ ഉപരോധത്തിലാണ്. ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ ആരംഭിച്ച നടപടികൾ ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപ് റദ്ദാക്കി. ഭീകരതയ്ക്കു പിന്തുണ നല്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ക്യൂബയെയും ട്രംപ് ഭരണകൂടം ഉൾപ്പെടുത്തി.
ക്യൂബൻ പ്രസിഡന്റിനെതിരായ പുതിയ യുഎസ് നടപടികളെ റഷ്യയും ചൈനയും അപലപിച്ചു.
Tags :