ADVERTISEMENT
ഓസ്റ്റിൻ: പ്രളയദുരന്തത്തിനു പിന്നാലെ യുഎസ് കാലാവസ്ഥാ വകുപ്പിനു വിമർശനം. ദുരന്തം മുൻകൂട്ടി പ്രവചിക്കാൻ കാലാവസ്ഥാ വകുപ്പിനു സാധിക്കാത്തതിലാണു വിമർശനം. പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രാദേശിക ഭരണകൂടം ചൂണ്ടിക്കാട്ടി.
കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു മിന്നൽപ്രളയം. മൂന്നു മണിക്കൂർകൊണ്ടു സൗത്ത് സെൻട്രൽ ടെക്സസിൽ പലയിടത്തും പെയ്തത് 254 മില്ലിമീറ്റർ മഴയാണ്. ഒരു മാസം പെയ്യേണ്ട മഴ മൂന്നു മണിക്കൂറിൽ പെയ്തതായാണു നിഗമനം.
രാജ്യത്തെ കാലാവസ്ഥാ കാര്യങ്ങൾ നിരീക്ഷിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനുള്ള ബജറ്റ് വിഹിതം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതിനാൽ കാലാവസ്ഥാ നിരീക്ഷണം പോലുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണെന്ന് ആക്ഷേപമുണ്ട്.
ഫണ്ട് വിഹിതം വെട്ടിക്കുറച്ചതിനു പിന്നാലെ കാലാവസ്ഥാ വിഭാഗത്തിൽനിന്ന് നിരവധി ജീവനക്കാരെ ട്രംപ് സർക്കാർ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. അതിനാൽ രാജ്യത്തെ പല കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിലും വേണ്ടത്ര ജീവനക്കാരില്ലാത്ത അവസ്ഥയാണ്. ടെക്സസിലെ പല കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളിലും പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരില്ലെന്ന് ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു.
കാലാവസ്ഥ മുൻകൂട്ടി പ്രവചിക്കാനാകാത്തതിനു പിന്നിലെ ഒരു കാരണം ജീവനക്കാരുടെ അഭാവമായിരിക്കാമെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ മുൻ ഡയറക്ടർ റിക് സ്പിൻറാഡ് ആരോപിച്ചു. ഫണ്ട് വെട്ടിക്കുറച്ചതിനാൽ കാലാവസ്ഥ നിരീക്ഷിക്കുന്ന ബലൂണുകളുടെ എണ്ണം കുറച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
കൊഞ്ചോ താഴ്വരയിലും കുന്നിൻപ്രദേശത്തും ശക്തമായ മഴ പെയ്യുമെന്ന് ബുധനാഴ്ച ദേശീയ കാലാവസ്ഥാ വിഭാഗം തങ്ങൾക്കു മുന്നറിയിപ്പ് നൽകിയെങ്കിലും കെർ കൗണ്ടിയിൽ അതിതീവ്ര മഴ പെയ്യുമെന്ന സൂചന പോലുമില്ലായിരുന്നുവെന്ന് ടെക്സസ് എമർജൻസി മാനേജ്മെന്റ് മേധാവി ഡബ്യു.നിം കിഡ് പറഞ്ഞു.
എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് കാലാവസ്ഥാനിരീക്ഷണ ക്രേന്ദ്രം പറയുന്നത്. വരും ദിവസങ്ങളിലും ടെക്സസിന്റെ പടിഞ്ഞാറന്‍, മധ്യ ഭാഗങ്ങളില്‍ പ്രളയ സാധൃതയുണ്ടെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
<b>ഭയാനകം: ട്രംപ് </b>
ടെക്സസ് പ്രളയദുരന്തം ഭയാനകമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക്സസ് ഗവര്‍ണറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദുരിതബാധിതര്‍ക്ക് എല്ലാവിധ സഹായവും നൽകും. ദുരന്തബാധിതർക്കായി താനും ഭാര്യ മെലാനിയയും പ്രാർഥിക്കുന്നു. നമ്മുടെ ധീരരായ രക്ഷാപ്രവർത്തകർ ഇപ്പോഴും സ്ഥലത്തുണ്ട്. ദുരന്തബാധിതർക്കൊപ്പമാണു രാജ്യം. പ്രാദേശിക സർക്കാരിന് എല്ലാവിധ സഹായവും നൽകും-ട്രംപ് വ്യക്തമാക്കി.
Tags :