ADVERTISEMENT
കയ്റോ: യുദ്ധക്കെടുതികൾ നേരിടുന്ന പലസ്തീനികളുടെ അഭയകേന്ദ്രങ്ങളിലൊന്നായ ഗാസയിലെ ഹോളി ഫാമിലി പള്ളി യുഎൻ സംഘം സന്ദർശിച്ചു. യുഎൻ ജീവകാരുണ്യ വിഭാഗം ഏകീകരണ ഓഫീസ് പ്രതിനിധികളാണ് ചൊവ്വാഴ്ച അപ്രതീക്ഷിതമായി ഗാസയിലെ ഏക കത്തോലിക്കാ പള്ളിയിലെത്തിയത്.
പള്ളിയിൽ അഭയം തേടിയിരിക്കുന്ന പലസ്തീനികളുമായി യുഎൻ സംഘം സംസാരിച്ചതായി അർജന്റീനക്കാരനായ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു. പള്ളിവളപ്പിലെ സൗകര്യങ്ങൾ സംഘം വിലയിരുത്തി.
യുദ്ധത്തിൽ അംഗഭംഗം വന്ന്, മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനികളുടെ പരിചണത്തിൽ കഴിയുന്ന കുട്ടികളെ സംഘം പ്രത്യേകമായി കണ്ടു. പലസ്തീനികൾക്കു നല്കുന്ന സേവനത്തിന് സംഘം നന്ദി പറഞ്ഞു. പള്ളിയിലെ പ്രാർഥനയിൽ സംബന്ധിച്ച ശേഷമാണ് സംഘം മടങ്ങിയതെന്നും ഫാ. ഗബ്രിയേൽ കൂട്ടിച്ചേർത്തു.
ഗാസ സിറ്റിയിലാണ് ഹോളി ഫാമിലി പള്ളി സ്ഥിതി ചെയ്യുന്നത്. ഇസ്രയേൽ ഗാസയിൽ യുദ്ധം തുടങ്ങിയതു മുതൽ പലസ്തീനികൾക്കു പള്ളിയുടെ സഹായം ലഭിക്കുന്നുണ്ട്. ഗാസ നിവാസികൾ നേരിടുന്ന ദുരിതത്തിൽ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുന്നതിനെ ഫാ. ഗബ്രിയേൽ വിമർശിച്ചു.
Tags :