ADVERTISEMENT
വാഷിംഗ്ടൺ ഡിസി: സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്. ഇതുസംബന്ധിച്ചു കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. നാലരപ്പതിറ്റാണ്ടായി നിലനിന്ന യുഎസ് ഉപരോധമാണ് ഇതോടെ പിൻവലിച്ചത്.
സാമ്പത്തിക– വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സിറിയയുടെ മുൻ പ്രസിഡന്റ് ബാഷാർ അൽ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും.
യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഉപരോധം അവസാനിപ്പിച്ച് ആഭ്യന്തരയുദ്ധത്തിൽ തകർന്ന് സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് മേയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ തീരുമാനം ഏറെ കാലമായി കാത്തിരുന്ന സിറിയയുടെ പുനർനിർമാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദ് അൽ ശിബാനി എക്സിൽ കുറിച്ചു.
ഈ നീക്കം സിറിയയെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാനും രാജ്യാന്തര സമൂഹത്തിനുമുന്നിൽ രാജ്യത്തെ തുറന്നു കാട്ടാനുള്ള അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഷാർ അൽ അസദിന്റെ കാലത്താണ് സിറിയയ്ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.
Tags :