ADVERTISEMENT
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലേക്കുള്ള ചെന്പ് ഇറക്കുമതിക്ക് 50 ശതമാനം ചുങ്കം ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ബ്രസീലിൽനിന്നുള്ള എല്ലാവിധ ഉത്പന്നങ്ങൾക്കും 50 ശതമാനം ഇറക്കുമതിചുങ്കം ചുമത്തും. രണ്ടു തീരുമാനങ്ങളും ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്.
അമേരിക്കൻ ടെക് കന്പനികളെ ആക്രമിക്കുന്നു, 2022ലെ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കലാപം നടത്തിയതിനു കേസ് നേരിടുന്ന മുൻ ബ്രസീലിയൻ പ്രസിഡന്റ് ജയിർ ബൊൾസെനാരോയെ വേട്ടയാടുന്നു എന്നീ കാരണങ്ങളുടെ പേരിലാണ് ബ്രസീലിനെതിരേ ഇത്ര ഉയർന്ന ചുങ്കം ചുമത്തുന്നതെന്ന് ട്രംപ് അറിയിച്ചു.
അമേരിക്കയ്ക്കെതിരേ തിരിച്ചും ചുങ്കം ചുമത്തുമെന്നു ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവ പ്രതികരിച്ചു. ബ്രസീലിയൻ ജൂഡിഷറി സംവിധാനത്തിൽ ട്രംപ് ഇടപെടാൻ ശ്രമിക്കേണ്ടെന്നും ലുല മുന്നറിയിപ്പു നല്കി.
അതേസമയം, അമേരിക്കയിലേക്കുള്ള ബ്രീസീലിയൻ ഇറക്കുമതിയേക്കാൾ കൂടുതലാണ് ബ്രസീലിലേക്കുള്ള അമേരിക്കൻ കയറ്റുമതി. കഴിഞ്ഞവർഷം 4,230 കോടി ഡോളറിന്റെ വസ്തുക്കൾ ബ്രസീലിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തു. ഇതേ സമയത്ത് 4,970 കോടി ഡോളറിന്റെ വസ്തുക്കളാണ് അമേരിക്ക ബ്രസീലിലേക്കു കയറ്റുമതി ചെയ്തത്.
ദേശീയസുരക്ഷാ കാരണങ്ങളാലാണു വിവിധ രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കുള്ള ചെന്പ് ഇറക്കുമതിക്ക് ചുങ്കം വർധിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. വിമാനം, ഇലക്ട്രിക് വാഹനങ്ങൾ, സെമികണ്ടക്ടർ എന്നിവയുടെ ഉത്പാദനത്തിനും പ്രതിരോധ ആവശ്യങ്ങൾക്കും ചെന്പ് വ്യാപകമായി ഉപയോഗിക്കുന്നു. മുന്പ് അമേരിക്ക ഭരിച്ചവർ ചെന്പ് വ്യവസായമേഖലയെ നശിപ്പിച്ചെന്നും ട്രംപ് ആരോപിച്ചു.
Tags :