ADVERTISEMENT
റാവൽപിണ്ടി: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ കനത്ത മഴയെത്തുടർന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 63 പേർ മരിച്ചു. 290 പേർക്കു പരിക്കേറ്റു.
ബുധനാഴ്ച രാവിലെയാണു പേമാരി തുടങ്ങിയത്. കെട്ടിടം തകർന്നാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വൈദ്യുതാഘാതമേറ്റും മുങ്ങിയും മരണം സംഭവിച്ചിട്ടുണ്ട്.
ജനങ്ങൾ പുറത്തിറങ്ങാതിരിക്കാനായി റാവൽപിണ്ടി നഗരത്തിൽ ഇന്നലെ അവധി പ്രഖ്യാപിച്ചു.നഗരത്തിലൂടെ ഒഴുകുന്ന നുല്ല ലായ് നദി കരകവിഞ്ഞതിനെത്തുടർന്ന് തീരദേശവാസികളെ ഒഴിപ്പിച്ചു മാറ്റി. വെള്ളം കയറിയതിനെത്തുടർന്ന് പഞ്ചാബ് പ്രവിശ്യയിലെ പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. ദുരിതബാധിത മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസ് അറിയിച്ചു.
ജൂൺ അവസാനത്തോടെ ആരംഭിച്ച മൺസൂൺ മഴയിൽ പാക്കിസ്ഥാനിലുടനീളം മരിച്ചവരുടെ എണ്ണം ഇതോടെ 180 ആയി ഉയർന്നു.
പഞ്ചാബ് പ്രവിശ്യയിൽ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ആയിരക്കണക്കിനു രക്ഷാപ്രവർത്തകരെ സജ്ജരാക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Tags :