ADVERTISEMENT
ബാങ്കോക്ക്: കംബോഡിയൻ നേതാവുമായുള്ള ഫോൺ സംഭാഷണം ചോർന്ന സംഭവത്തിൽ തായ്ലൻഡ് പ്രധാനമന്ത്രി പെയ്തോംഗ്താൻ ഷിനവത്രയ്ക്കു സസ്പെൻഷൻ. തായ് ഭരണഘടനാ കോടതിയാണ് പ്രധാനമന്ത്രിയെ സസ്പെൻഡ് ചെയ്തത്. കേസിൽ സ്വന്തം വാദങ്ങൾ അവതരിപ്പിക്കാൻ കോടതി പെയ്തോംഗ്താന് 15 ദിവസം സമയം നൽകി. ഉപപ്രധാനമന്ത്രി സൂര്യ ജുംഗ്റുംഗ്റുവാംഗ്കിത് ആക്ടിംഗ് പ്രധാനമന്ത്രിയാകുമെന്നാണു റിപ്പോർട്ട്.
കംബോഡിയൻ മുൻ പ്രധാനമന്ത്രി ഹൂൻ സെന്നുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. ഈ സംഭാഷണത്തിനിടെ ഹൂനിനെ അങ്കിൾ എന്ന സംബോധന ചെയ്തതാണ് പെയ്തോംഗ്താനു വിനയായത്. ഫോൺ സംഭാഷണം പുറത്തുവന്നതോടെ പെയ്തോംഗ്താൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാണ്. പെയ്തോംഗ്താൻ ധാർമിക മര്യാദയും ഭരണഘടനയും ലംഘിച്ചെന്നാരോപിച്ച് 36 സെനറ്റംഗങ്ങളാണ് ഭരണഘടനാ കോടതിയെ സമീപിച്ചത്. അതിർത്തിയിൽ രണ്ടു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും കംബോഡിയൻ സൈനികൻ കൊല്ലപ്പെടുകയും ചെയ്തതോടെ അതിർത്തി സംഘർഷം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെയാണ് പെയ്തോംഗ്താൻ ഹൂനിനെ വിളിച്ചത്. ഷിനവത്ര കുടുംബത്തിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഹൂൻ.
Tags : Thailand Paetongtarn Shinawatra