ADVERTISEMENT
പാരീസ്: ഉഷ്ണതരംഗം അയവില്ലാതെ തുടരുന്ന യൂറോപ്പ് വെന്തുരുകുന്നു. ഒരു നൂറ്റാണ്ട് മുൻപ് താപനില രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ചൂടേറിയ ജൂൺ മാസമാണ് സ്പെയിനിലെ ബാഴ്സലോണയിൽ അനുഭവപ്പെട്ടത്. ശരാശരി 26 ഡിഗ്രി സെൽഷസ് ആണ് ബാഴ്സലോണയിലെ ഫാബ്ര ഒബ്സർവേറ്ററി രേഖപ്പെടുത്തിയത്. 2003ലെ 25.6 ഡിഗ്രി സെൽഷസ് എന്ന റിക്കാർഡാണ് മറികടന്നത്. ജൂൺ 30ന് 37.9 സെൽഷസ് ആയിരുന്നു ഇതേ ഒബ്സർവേറ്ററി രേഖപ്പെടുത്തിയത്.
പൊതുവേ കടുത്ത ചൂട് അനുഭവപ്പെടാത്ത പ്രദേശമാണ് ബാഴ്സലോണ. പാരീസിനു പുറമേ ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. ഫ്രാൻസിലെ നിരവധി മേഖലകളിലും റെഡ് അലർട്ടാണ് ദേശീയ കാലാവസ്ഥാ ഏജൻസി പ്രഖ്യാപിച്ചിരിക്കുന്നത്. 1,300 സ്കൂളുകൾ ഭാഗികമായോ പൂർണമായോ അടച്ചിടാനും ഫ്രാൻസിലെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈഫൽ ഗോപുരം സന്ദർശിക്കാനെത്തിയവരോട് യാത്ര മാറ്റിവയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇതോടൊപ്പം ജൂണിലെ മഴക്കുറവുകൂടി കണക്കിലെടുക്കുന്പോൾ കാട്ടുതീ പടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ഇറ്റലിയിലെ 27 പ്രധാന നഗരങ്ങളിലെ 17 എണ്ണവും ഉഷ്ണതരംഗം നേരിടുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഒരു കെട്ടിടനിർമാണ സ്ഥാപനത്തിന്റെ ഉടമയായ നാൽപ്പത്തിയാറുകാരൻ കുഴഞ്ഞുവീണ് മരിച്ചത് നിർമാണത്തൊഴിലാളികളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ചർച്ചകൾക്കും തുടക്കമിട്ടു. നെതർലൻഡ്സിൽ താങ്ങാനാകാത്ത ചൂട് കാരണം നിരവധി പൊതുപരിപാടികൾ മാറ്റിവച്ചു. ജൂൺ 29ന് പോർച്ചുഗലിൽ രണ്ടിടത്ത് മുൻകാല താപനില റിക്കാർഡുകൾ തകർക്കപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. പടിഞ്ഞാറൻ ലിസ്ബണിലുള്ള മോറ പട്ടണത്തിൽ ജൂൺ 29ന് 46.6 ഡിഗ്രി രേഖപ്പെടുത്തിയത് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.