ADVERTISEMENT
റഷ്യൻ ആക്രമണം യുക്രെയ്നിൽ 24 മരണം
കീവ്: യുക്രെയ്നിൽ റഷ്യൻ സേനയുടെ ആക്രമണത്തിൽ 24 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ പേർക്കു പരിക്കേറ്റു. മധ്യ യുക്രെയ്നിലെ ഡിനിപ്രോയിൽ റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 15 പേരാണു കൊല്ലപ്പെട്ടത്. 174 പേർക്കു പരിക്കേറ്റു. 19 സ്കൂളുകൾ, 10 കിൻഡർഗാർട്ടനുകൾ, ഒരു വൊക്കേഷണൽ സ്കൂൾ, ഒരു സംഗീത സ്കൂൾ, ഒരു സാമൂഹ്യക്ഷേമ ഓഫീസ്, എട്ട് ആശുപത്രികൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി.
അഞ്ഞൂറു യാത്രക്കാരുമായി പോകുകയായിരുന്ന ട്രെയിനിന്റെ ജനൽച്ചില്ലുകൾ സ്ഫോടനത്തിൽ തകർന്നു. വേനൽ അവധിക്കു സ്കൂളുകൾ അടച്ചിരിക്കുകയാണ്. സമറിൽ രണ്ടു പേരും ഖേഴ്സണിൽ നാലു പേരും സുമിയിൽ മൂന്നു പേരും കൊല്ലപ്പെട്ടു. 2022ൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 12,000 സാധാരണക്കാരാണ് യുക്രെയ്നിൽ കൊല്ലപ്പെട്ടത്. റഷ്യയെ നേരിടാൻ കൂടുതൽ പാശ്ചാത്യ സഹായം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു.