ADVERTISEMENT
മോസ്കോ: യാതൊരു നീതീകരണവുമില്ലാതെ നാലു വർഷമായി യുക്രെയ്നുമായി തുടരുന്ന യുദ്ധവും ജനനനിരക്കിലെ കുറവും റഷ്യയെ എത്തിച്ചിരിക്കുന്നത് ഗുരുതര പ്രതിസന്ധിയിൽ. യുദ്ധത്തിന്റെ പേരിൽ ലോകത്തുനിന്ന് ഒറ്റപ്പെട്ട റഷ്യ പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധവും യുദ്ധച്ചെലവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതിനു പിന്നാലെ തൊഴിലാളികളുടെ ക്ഷാമംമൂലം രാജ്യത്തെ ഫാക്ടറികളുടെയും നിർമാണ കന്പനികളുടെയും പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ഈ പ്രതിസന്ധി തരണം ചെയ്യാൻ ഈ വർഷം അവസാനത്തോടെ പത്തു ലക്ഷം ഇന്ത്യക്കാരെ നിയമിക്കാനാണു നീക്കം. റിക്രൂട്ട്മെന്റ് ശ്രമങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞതായും 4000ത്തോളം ഇന്ത്യൻ തൊഴിലാളികൾ നിലവിൽ റഷ്യയിൽ ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ നഗരങ്ങളിലേക്കാണ് തൊഴിലാളികളുടെ പ്രാരംഭ ബാച്ചിനെ അയച്ചിരിക്കുന്നത്. അവിടെ അവർക്കു പ്രാഥമിക പരിശീലനം നൽകുകയാണ്. കൂടാതെ, നിയമന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യയിൽ റിക്രൂട്ട്മെന്റ് ക്യാമ്പുകൾ വ്യാപകമാക്കാൻ റഷ്യൻ കമ്പനികൾ തീരുമാനിച്ചിട്ടുമുണ്ട്. മെറ്റൽ ഫാക്ടറികൾ, മെഷീൻ മാനുഫാക്ചറിംഗ്, നിർമാണ മേഖലകളിലാണു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. എന്നാൽ, കഠിനമായ ശൈത്യകാലവും ഭക്ഷണശീലങ്ങളിലെ വ്യത്യാസങ്ങളും ഭാഷാതടസങ്ങളും ഇന്ത്യൻ തൊഴിലാളികൾക്കു ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.
ആവശ്യമായ നൈപുണ്യങ്ങളുള്ള തൊഴിലാളികളാൽ സന്പന്നമായ രാജ്യം എന്നതിനപ്പുറം, ഇന്ത്യയുമായി റഷ്യക്കു ദീർഘകാലമായുള്ള നല്ല ബന്ധവും പ്രതീക്ഷയുണർത്തുന്നതാണെന്ന് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എൻജിനിയറിംഗ്, മെറ്റൽ- സ്റ്റീൽ പ്ലാന്റുകൾ, കെട്ടിടനിർമാണം, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലാണ് ഭൂരിപക്ഷം അവസരങ്ങളും രാജ്യത്തുള്ളത്.
മുൻകാലങ്ങളിൽ റഷ്യൻ ഭാഷ സംസാരിക്കുന്ന സമീപരാജ്യങ്ങളിൽനിന്നാണു റഷ്യ കൂടുതലായും തൊഴിലാളികളെ കണ്ടെത്തിയിരുന്നത്. എന്നാൽ, യുക്രെയ്നുമായുള്ള യുദ്ധത്തിൽ ഒറ്റപ്പെട്ടതോടെ റിക്രൂട്ട്മെന്റ് നടപടികൾ നിലയ്ക്കുകയായിരുന്നു. രാജ്യത്തെ വ്യാവസായിക, നിർമാണമേഖലകളിൽ കഴിഞ്ഞ വർഷം 26 ലക്ഷം തൊഴിലാളികളുടെ കുറവുണ്ടായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യുക്രെയ്നുമായുള്ള യുദ്ധത്തിനു പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനമാണു പ്രതിസന്ധി രൂക്ഷമാക്കിയത്.
യുദ്ധം മൂലം റഷ്യ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. രാജ്യം സാന്പത്തികമാന്ദ്യത്തിന്റെ പടിവാതിൽക്കലാണെന്ന് പുടിൻ ഭരണകൂടം അടുത്തിടെ പരസ്യമായി സമ്മതിച്ചിരുന്നു. മുഖ്യവരുമാനമാർഗമായിരുന്ന ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവ വാങ്ങുന്നത് വെട്ടിക്കുറച്ച യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടാണ് സാമ്പത്തിക ആഘാതമായത്. 2027ഓടെ റഷ്യയിൽനിന്നുള്ള എണ്ണയും എൽഎൻജിയും വാങ്ങുന്നത് പൂർണമായി നിർത്താനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം. ഇതിനെല്ലാം പുറമെ റഷ്യയിൽ ജനനനിരക്ക് വൻതോതിലാണു കുറയുന്നത്.
റഷ്യയിലെ ജനനനിരക്ക് നിലവില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2023ലെ കണനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05 ആകണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ജനസംഖ്യാവർധനവ് പ്രോത്സാഹിപ്പിക്കാൻ സർക്കാർ നിരവധി നടപടികളും സൗജന്യങ്ങളും പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല.
2022 ഫെബ്രുവരി 24ന് യുക്രെയ്നുനേരേ പൂർണതോതിലുള്ള അധിനിവേശം റഷ്യ ആരംഭിച്ചതിനുശേഷം ഇതുവരെ പത്തു ലക്ഷത്തിനടുത്ത് റഷ്യക്കാർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ടുപ്രകാരം യുക്രെയ്ന്റെ ആക്രമണത്തിൽ 2,50,00 സൈനികരുൾപ്പെടെ 9,50,000 റഷ്യക്കാർ കൊല്ലപ്പെട്ടു.
സമാന ആൾനാശം യുക്രെയ്നിലുമുണ്ടായി. അവിടെ 60,000ത്തിനും ഒരു ലക്ഷത്തിനുമിടയിൽ സൈനികർ കൊല്ലപ്പെട്ടതായും മൊത്തം മരണസംഖ്യ നാലു ലക്ഷത്തിനടുത്ത് വരുമെന്നും റിപ്പോർട്ടിലുണ്ട്.
മോസ്കോ: ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽനിന്ന് പത്തു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ റഷ്യയുടെ തൊഴിൽ മന്ത്രാലയം തള്ളി. അതേസമയം, റഷ്യയിൽ തൊഴിലെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള വൊക്കേഷണൽ ട്രെയിനിംഗ് സ്കൂളുകൾ ഇന്ത്യയിൽ സ്ഥാപിക്കാമെന്ന ആശയം റഷ്യയിലെ വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മ മുന്നോട്ടുവച്ചിട്ടുണ്ട്.
എന്നാൽ, പ്രദേശങ്ങളുടെയും തൊഴിൽദാതാക്കളുടെ ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു വർഷം മുന്‍പ് നിശ്ചയിച്ച ക്വോട്ട പ്രകാരമാണ് ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെന്റുകൾ നടക്കുകയെന്ന് മന്ത്രാലയം പിന്നീട് ഒരു വാർത്താ വെബ്സൈറ്റിനെ അറിയിച്ചു.
Tags : Russia indian employees