ADVERTISEMENT
ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രയേലി സംഘം ഉടൻ ഖത്തറിലെത്തും. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഇസ്രയേൽ ഉന്നതതല സംഘത്തിന്റെ ഖത്തർ സന്ദർശനം.
ഹമാസുമായി ബന്ദി മോചനം, വെടിനിർത്തൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായാണ് ഇസ്രയേൽ സംഘം ഖത്തറിലെത്തുക. അതിനിടെ വെടിനിർത്തൽ കരാറിലെത്താൻ നെതന്യാഹുവിനു മേൽ സമ്മർദം ശക്തമാകുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് നിർദേശിച്ച വെടിനിർത്തല്‍ നിർദേശത്തോട് രമ്യമായ രീതിയിലാണ് ഹമാസ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ വെടിനിർത്തൽ നിർദേശത്തിൽ ഹമാസ് ആവശ്യപ്പെട്ട മാറ്റങ്ങൾ ഇസ്രയേല്‍ അംഗീകരിക്കില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ട്രംപുമായി നടത്തുന്ന ചർച്ച വെടിനിർത്തൽ കരാറിലേക്കും ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനത്തിനും സഹായകരമാകുമെന്ന് നെതന്യാഹു പറഞ്ഞു. യുഎസ് സന്ദർശനത്തിനു മുന്നോടിയായാണ് നെതന്യാഹു ചർച്ചകളിൽ പ്രതീക്ഷ പ്രകടിപ്പിച്ചത്.
Tags :