ADVERTISEMENT
ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 3500 വർഷം പഴക്കമുള്ള നഗരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ അറിയിച്ചു.
വടക്കൻ ബാരാൻക പ്രവിശ്യയിലെ പുരാതന നഗരമായ പെനിക്കോയുടെ ശേഷിപ്പുകളാണു കണ്ടെത്തിയത്. ആദ്യകാല പസഫിക് തീരദേശ സമൂഹങ്ങളെ ആൻഡീസ് പർവതനിരകളിലും ആമസോൺ തടത്തിലും താമസിക്കുന്നവരുമായി ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാരകേന്ദ്രമായി ഈ നഗരം പ്രവർത്തിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു.
തലസ്ഥാനമായ ലിമയിൽനിന്ന് ഏകദേശം 200 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 600 മീറ്റർ (1,970 അടി) ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. മിഡിൽ ഈസ്റ്റിലും ഏഷ്യയിലും ആദ്യകാല നാഗരികതകൾ തഴച്ചുവളർന്ന ബിസി 1,800 നും 1,500 നും ഇടയിലാണ് ഈ നഗരവും സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു.
എട്ടു വർഷത്തെ ഗവേഷണത്തിനൊടുവിലാണു നഗരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തുന്നത്. ക്ഷേത്രങ്ങളും പാർപ്പിട സമുച്ചയങ്ങളും ഉൾപ്പെടെ 18 ഘടനകൾ കണ്ടെത്തിയതായി പുരാവസ്തുഗവേഷകർ അറിയിച്ചു. സ്ഥലത്തെ കെട്ടിടങ്ങളിൽനിന്ന് ആചാരപരമായ വസ്തുക്കൾ, മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങളുടെ കളിമൺ ശില്പങ്ങൾ, മുത്തുകളും മുത്തുച്ചിപ്പികളുംകൊണ്ടു നിർമിച്ച മാലകൾ എന്നിവ കണ്ടെത്തി.
അമേരിക്കയിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന നാഗരികതയായി അംഗീകരിക്കപ്പെടുന്നതും 5,000 വർഷങ്ങൾക്കുമുമ്പ് സ്ഥാപിതവുമായ കാരലിനടുത്താണ് സൂപ്പെ താഴ്വരയിൽ സ്ഥാപിതമായ പെനിക്കോ സ്ഥിതി ചെയ്യുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം നശിച്ചുപോയ കാരൽ നാഗരികതയ്ക്ക് എന്തു സംഭവിച്ചുവെന്ന് മനസിലാക്കുന്നതിന് ഈ കണ്ടെത്തൽ പ്രധാനമാണെന്ന് 1990 കളിൽ പെനിക്കോയെക്കുറിച്ചുള്ള ഗവേഷണത്തിനും കാരലിന്റെ ഖനനത്തിനും നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകയായ ഡോ. റൂത്ത് ഷാഡി പറഞ്ഞു.
വലിയ പിരമിഡ് ഘടനകൾ, സങ്കീർണമായ ജലസേചന കൃഷി, നഗരവാസകേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 32 സ്മാരകങ്ങൾ കാരലിലുണ്ട്. ഇന്ത്യ, ഈജിപ്ത്, സുമേറിയ, ചൈന എന്നിവിടങ്ങളിലെ ആദ്യകാല നാഗരികതകളിൽനിന്ന് ഒറ്റപ്പെട്ടാണ് ഇതു വികസിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ഏഴു ലോകാദ്ഭുതങ്ങളിലൊന്നും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നുമായ മച്ചു പിച്ചു കോട്ടയടക്കം നിരവധി പുരാവസ്തു കേന്ദ്രങ്ങളുടെ ആസ്ഥാനമാണു പെറു. കൊടുംവനത്തില്‍ പര്‍വതങ്ങള്‍ക്കു കുറുകേ പാറക്കല്ലുകള്‍ കൊണ്ടു നിര്‍മിച്ചതാണ് മച്ചു പിച്ചു കോട്ട. ഇന്‍കാ നാഗരികതയുടെ ശേഷിപ്പുകള്‍ അടയാളപ്പെടുത്തിയ ഈ കോട്ട ലോകത്തിന് എന്നും അദ്ഭുതമാണ്. ഉള്‍വനത്തിനുള്ളില്‍ 2430 മീറ്റര്‍ ഉയരത്തില്‍ നിലനില്ക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
അമേരിക്കന്‍ പുരാവസ്തു ഗവേഷകനായ ഹിറാം ബിംഗ്ഹാവും സംഘവും 1911ല്‍ പെറുവില്‍ നടത്തിയ യാത്രയ്ക്കിടയിലാണ് ഈ കോട്ട കണ്ടെത്തുന്നത്. പിന്നീട് നടന്ന ഗവേഷണങ്ങളില്‍ പെറുവിലെ ഇന്‍കാ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ കോട്ടയെന്നു കണ്ടത്തി. 1983ല്‍ യുനെസ്കോ ലോക പൈതൃക കെട്ടിടങ്ങളുടെ പദവി നല്കിയ മച്ചു പിച്ചു ഇന്നും ലോകസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്.
Tags :