ADVERTISEMENT
റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയിൽ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ ഇദ്ദേഹം കോമയിൽ കിടന്നത്.
2005ൽ യുകെയിലെ സൈനിക കോളജിൽ പഠിക്കവെയുണ്ടായ കാറപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്നാണ് അദ്ദേഹം കോമയിലായത്. അപകടം നടക്കുന്പോൾ അദ്ദേഹത്തിന് 15 വയസായിരുന്നു. അപകടത്തിനുശേഷം ഒരിക്കൽപ്പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടത്.
റിയാദിലെ കിംഗ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിച്ചിരുന്നത്. ട്യൂബ് വഴിയാണു ഭക്ഷണം നൽകിവന്നിരുന്നത്. 2019ൽ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ, പിന്നീട് ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്.
പിതൃസ്നേഹത്തിന്റെ ആഴം:
ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻരക്ഷാ സംവിധാനങ്ങൾ മാറ്റി മകനെ മരണത്തിന് വിട്ടുകൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാ ചികിത്സയും നൽകി ദൈവം വിളിക്കുമ്പോൾ മകൻ പോകട്ടെയെന്നു നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹപരിചരണത്താൽ രാജകുമാരൻ എപ്പോഴും സുന്ദരനായാണു കാണപ്പെട്ടത്.
20 വർഷമായി ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്ഥനയും തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്.
കോടീശ്വരനായ ഖാലിദ് ബിൻ തലാൽ അൽ സഈദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മൂത്ത മകനാണ് അൽ വലീദ്. ലോകത്തു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്. ഇതിനായി അമേരിക്കയിൽനിന്നും സ്പെയിനിൽനിന്നുമൊക്കെ വിദഗ്ധ ഡോക്ടർമാരെ എത്തിച്ചു. പ്രാർഥനകളും പിന്തുണയുമായി നിരവധി സന്ദർശകരാണ് റിയാദിലെ ആശുപത്രിയിൽ അൽവലീദ് രാജകുമാരനെ സന്ദർശിച്ചിരുന്നത്.
രാജകുമാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കു വാർത്തകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതിനു സ്ഥിരീകരണമുണ്ടായിരുന്നില്ല. എല്ലാ ദിവസവും മകനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്ന പിതാവ് ഖാലിദ് ബിൻ തലാൽ, മകന്റെ വിവിധ ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. മകൻ മരിച്ച വിവരം അദ്ദേഹം തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറംലോകത്തെ അറിയിച്ചതും.
Tags : Prince Alwaleed bin Khaled saudi