ADVERTISEMENT
വത്തിക്കാൻ സിറ്റി: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ വത്തിക്കാന്റെ മധ്യസ്ഥതയിൽ ചർച്ചയ്ക്കു തയാറാണെന്ന് ആവർത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
യുദ്ധം നീണ്ടുപോകുന്നതിൽ അതിയായ ദുഃഖമുണ്ടെന്നും വേനൽക്കാലവസതിയായ കസ്തെ ഗൺഡൊൾഫോയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർപാപ്പ പറഞ്ഞു. യുദ്ധദുരിതം പേറുന്ന യുക്രെയ്ൻ ജനതയോടൊപ്പമാണു താനെന്നും അവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും യുദ്ധത്തടവുകാരുടെ മോചനത്തിനും പൊതുവായ പരിഹാരമാർഗങ്ങൾക്കുമായുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മാർപാപ്പ അറിയിച്ചു.
സംഘർഷം അവസാനിപ്പിക്കാൻ പരസ്പരസംഭാഷണമാണു മാർഗമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
മേയ് മാസത്തിൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതു രണ്ടാംതവണയാണ് സെലൻസ്കി ലെയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. സമാധാനചർച്ചയ്ക്കു മധ്യസ്ഥത വഹിക്കാൻ വത്തിക്കാൻ തയാറാണെന്ന് മുന്പ് മാർപാപ്പ പ്രഖ്യാപിച്ചെങ്കിലും റഷ്യയിൽനിന്ന് അനുകൂല പ്രതികരണമുണ്ടായിരുന്നില്ല.
Tags : Russia-Ukraine peace talks Pope