ADVERTISEMENT
പാരീസ്: പാരീസിലെ സുപ്രസിദ്ധമായ വിശുദ്ധ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയിലെ വിശുദ്ധ കുർബാനയർപ്പണം പലസ്തീൻ തീവ്രവാദികൾ തടസപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിശുദ്ധ കുർബാന ആരംഭിച്ചപ്പോൾത്തന്നെ തീവ്രവാദികൾ പള്ളിമുറ്റത്തു തടിച്ചുകൂടിയിരുന്നു. വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയമായപ്പോൾ അവർ ഉച്ചത്തിൽ ബഹളം വയ്ക്കാനും മുദ്രാവാക്യങ്ങൾ മുഴക്കാനും തുടങ്ങി.
തിരുക്കർമങ്ങൾ തടസപ്പെടുത്തിയതിനെതിരേ പോലീസിൽ പരാതി നല്കുമെന്ന് വികാരി മോൺ. പാട്രിക് ഷോവെ പറഞ്ഞു. “മഗ്ദലേന പള്ളിയെ പാരീസിലെ മറ്റു ചില സുപ്രധാന ചരത്രസ്മാരകങ്ങളെപ്പോലെ പലസ്തീൻ തീവ്രവാദ കേന്ദ്രമാക്കുകയാണ് അവരുടെ ലക്ഷ്യം.
ഇപ്പോഴും ഹമാസ് ഭീകരരുടെ തടങ്കലിലുള്ള 50 ബന്ദികളെക്കുറിച്ചോ നൈജീരിയയിൽ ദിവസേന കൊല്ലപ്പെടുന്ന നൂറുകണക്കിനു ക്രൈസ്തവരെക്കുറിച്ചോ അവർ ഒരക്ഷരം മിണ്ടാറില്ല”-അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനത്തിന്റെ സന്ദേശം തരികയല്ല അവരുടെ ലക്ഷ്യം. പ്രാർഥന തടസപ്പെടുത്തി അവരുടെ അജൻഡ അടിച്ചേൽപ്പിക്കുകയാണ്. ഹമാസിന്റെ ഏകാധിപത്യപ്രവണതയാണ് ഈ സംഭവത്തിൽ പുറത്തുവരുന്നതെന്ന് ല് ഫിഗാറോ പത്രം ചൂണ്ടിക്കാട്ടി.
മതത്തെയും സ്ഥാപനങ്ങളെയും വരുതിയിലാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ ഇസ്ലാമിസ്റ്റുകൾ ചെയ്യുന്ന ക്രൂരതകളെ കണ്ടില്ലെന്നു നടിക്കുകയാണ്. നഗോർണോ-കരാബാക്കിലെ അർമീനിയൻ ക്രൈസ്തവരുടെ സഹനം നിശബ്ദമായിരിക്കുന്നത് അവർ ആരെയും ഭീഷണിപ്പെടുത്താത്തതുകൊണ്ടാണ്-പത്രം പറയുന്നു.