ADVERTISEMENT
പാരീസ്: 2019ലെ തീപിടിത്തത്തിനുശേഷം കഴിഞ്ഞ ഡിസംബറിൽ വീണ്ടും തുറന്ന പാരീസിലെ നോത്ര്ദാം കത്തീഡ്രൽ പള്ളി ഇതിനകം 60 ലക്ഷം പേർ സന്ദർശിച്ചതായി പള്ളി വികാരി ഫാ. ഒലിവർ റിബാദോ ദ്യൂമാ പറഞ്ഞു. ഫ്രാൻസിൽ ഏറ്റവുമധികം പേർ സന്ദർശിക്കുന്ന സ്ഥാപനം എന്ന റിക്കാർഡ് ഇപ്പോൾ നോത്ര്ദാമിനുള്ളത്.
കഴിഞ്ഞ ഡിസംബർ 16 മുതൽ ജൂൺ അവസാനം വരെ ദിവസേന 35,000 പേരാണ് പള്ളി കാണാനെത്തിയത്. ഫ്രാൻസിലെ ടൂറിസ്റ്റ് സീസൺ ആരംഭിച്ചതേയുള്ളൂ. വർഷാവസാനം വരെ സന്ദർശകരുടെ പ്രവാഹം ഇതുപോലെ തുടർന്നാൽ ഒന്നേകാൽ കോടി ആളുകൾ എത്തിച്ചേരുമെന്നാണു കണക്ക്.
പാരീസിലെ മറ്റു പ്രധാന ആകർഷണങ്ങളായ ഈഫൽ ഗോപുരം, ലൂവ്റ് മ്യൂസിയം, മോമാർത്രിലെ സേക്രഡ് ഹാർട്ട് പള്ളിഎന്നിവയെയാണു നോത്ര്ദാം കത്തീഡ്രൽ ബസിലിക്ക പിന്നിലാക്കിയത്.
തീപിടിത്തത്തിനുശേഷം അഞ്ചു വർഷം നീണ്ട നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച് കഴിഞ്ഞ ഡിസംബർ എട്ടിനാണ് പള്ളി വീണ്ടും ദൈവാരാധനയ്ക്കായി തുറന്നുകൊടുത്തത്.
നവീകരണത്തിന് ഏകദേശം 85 കോടി യൂറോ ചെലവായി. പള്ളിയുടെ മുഖവാരത്തിലുള്ള രണ്ടു ഗോത്തിക് ഗോപുരങ്ങളുടെ നവീകരണം നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. വരുന്ന സെപ്റ്റംബർ 20നാണ് ഗോപുരങ്ങൾ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്.
Tags :