ADVERTISEMENT
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ ഇലോൺ മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാർട്ടി’ എന്നാണു പേര്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് അടക്കം അനേകം സ്ഥാപനങ്ങളുടെ ഉടമയുമായ മസ്ക് രാഷ്ട്രീയത്തിലേക്കു കടക്കുന്നത് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയാകും.
അമേരിക്കയിൽ പുതിയ പാർട്ടി വേണമോ എന്ന് എക്സിലൂടെ അനുയായികളോടു ചോദിച്ച ശേഷമാണ് മക്സ് പ്രഖ്യാപനം നടത്തിയത്. നിങ്ങൾക്കു സ്വാതന്ത്ര്യം നല്കാൻ അമേരിക്ക പാർട്ടി രൂപവത്കൃതമായി എന്ന് അദ്ദേഹം പറഞ്ഞു.
നികുതിയിൽ ഇളവു വരുത്താനും പ്രതിരോധച്ചെലവ് വർധിപ്പിക്കാനുമുള്ള ‘വൺ ബ്യൂട്ടിഫുൾ ബില്ലിൽ’ ട്രംപ് ഒപ്പുവച്ചതിനു പിന്നാലെയായിരുന്നു മസ്കിന്റെ നടപടി. ഈ ബില്ലിന്റെ പേരിലാണ് ട്രംപുമായി മസ്ക് തെറ്റിപ്പിരിഞ്ഞത്. ബിൽ അമേരിക്കയെ കടക്കെണിയിലാക്കുമെന്ന് മസ്ക് ആവർത്തിച്ചു.
കഴിഞ്ഞവർഷം നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ജയിപ്പിക്കാൻ മസ്ക് പണമെറിഞ്ഞിരുന്നു. ട്രംപിന്റെ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ജനപ്രതിനിധികളെ താഴെയിറക്കാൻ പണമെറിയുമെന്നാണ് മസ്ക് ഇപ്പോൾ പറയുന്നത്.
അടുത്ത വർഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മസ്കിന്റെ പാർട്ടി വലിയ തലവേദന സൃഷ്ടിക്കുമെന്നാണു റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഭയക്കുന്നത്.
Tags :