ADVERTISEMENT
1960ൽ എന്റെ പിതാവ് ജാക്ക് പിക്കാർഡ് മരിയാന ട്രെഞ്ചിന്റെ അടിത്തട്ടിലെത്തി - ഏകദേശം 11,000 മീറ്റർ (36,000 അടി) കടൽനിരപ്പിനു താഴെ. ഈ ദൗത്യം വാർത്തകളിൽ ഇടം നേടാനായിരുന്നില്ല; മറിച്ച്, അപകടകരമായ ഒരു തെറ്റിദ്ധാരണ തിരുത്താനായിരുന്നു. സമുദ്രത്തിന്റെ ആഴങ്ങളിലെ ഭയാനകമായ ഇരുട്ടിൽ ജീവന് നിലനിൽക്കാനാകില്ലെന്ന് ചില വിദഗ്ധർ വാദിച്ചിരുന്നു. അതോടെ ആഴക്കടലിനെ ആണവമാലിന്യം തള്ളാനുള്ള സ്ഥലമായി ഉപയോഗിക്കാമെന്നായി. എന്നാൽ, എന്റെ പിതാവും സംഘവും അവിടെ ജീവനുള്ള മത്സ്യങ്ങളെ കണ്ടെത്തി. വലിയ ദുരന്തം തടയാൻ സഹായിച്ച കണ്ടുപിടിത്തമായി അത്.
പര്യവേക്ഷണം എന്റെ കുടുംബത്തിന് എന്തായിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു പിതാവിന്റെ ദൗത്യം. അത് കീഴടക്കലും ആധിപത്യവും ആയിരുന്നില്ല. മറിച്ച്, ജിജ്ഞാസയും മനസിലാക്കലുമായിരുന്നു. പ്രകൃതിയെക്കുറിച്ചു പഠിക്കുന്നത് അറിവിന്റെ അതിരുകൾ വികസിപ്പിക്കാൻ മാത്രമല്ല. അത് ഈ ഗ്രഹത്തിന്റെ സംരക്ഷകർ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വത്തിന്റെ വ്യാപ്തിയും വർധിപ്പിക്കുന്നു.
സമുദ്രം ഇന്ന് എന്നത്തേക്കാളും വലിയ ഭീഷണിയിലാണ്. അമേരിക്ക ഇപ്പോൾ സ്വകാര്യ കമ്പനികൾക്ക് ആഴക്കടൽ ഖനനം നടത്താൻ അനുമതി നൽകിയിരിക്കുന്നു. എന്നു മാത്രമല്ല, പതിറ്റാണ്ടുകളായി മുന്നറിയിപ്പു ലഭിച്ചിട്ടും മനുഷ്യരാശി സമുദ്രത്തെ അക്ഷയപാത്രമായും അന്തമില്ലാത്ത മാലിന്യനിക്ഷേപകേന്ദ്രമായും കണക്കാക്കുന്നത് തുടരുന്നു. നമ്മൾ പ്ലാസ്റ്റിക്കു കൊണ്ട് അതിനെ ശ്വാസംമുട്ടിക്കുന്നു. ഉൽസർജനം (Emission) കൊണ്ട് ചൂടാക്കുന്നു. രാസവസ്തുക്കൾ കൊണ്ട് വിഷലിപ്തമാക്കുന്നു. അമിത മത്സ്യബന്ധനം നടത്തി അതിനെ നശിപ്പിക്കുന്നു.
നമ്മൾ ഉടമ്പടികളെക്കുറിച്ചും വലിയ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. അപ്പോഴും നമ്മുടെ പ്രവർത്തനങ്ങൾ അപര്യാപ്തമാണ്. സമുദ്രത്തിന്റെ നാശത്തിന് വേഗം കൂടുമ്പോഴും സർക്കാരുകൾ ആഗോള സമവായം ഉണ്ടാക്കുന്നതിന്റെ സങ്കീർണതയ്ക്കു പിന്നിൽ അഭയം തേടുന്നു. അതുതന്നെ നിഷ്ക്രിയത്വത്തിനുള്ള ഒഴികഴിവാക്കുന്നു. അങ്ങിനെ സംരക്ഷിത സമുദ്രമേഖലകളിൽ വിനാശകരമായ ബോട്ടം ട്രോളിംഗ് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മീൻപിടിത്ത ബോട്ടുകൾക്ക് ഇപ്പോഴും തുറമുഖങ്ങളിലും ചന്തകളിലും അവരുടെ ഉത്പന്നങ്ങൾ തടസമില്ലാതെ വിൽക്കാൻ പറ്റുന്നു. നിയമങ്ങൾ നിലവിലുണ്ട്. പക്ഷേ, ദുർബലമായ നടപ്പാക്കലാണ് പ്രശ്നം. ചിലയിടത്തെങ്കിലും നിയമത്തിനു പുല്ലുവിലയാണ്.
എല്ലാം തികഞ്ഞ ഉടമ്പടികളെ കാത്തിരിക്കാനാകില്ല. അവയുടെ സന്പൂർണ നടപ്പാക്കലും പ്രായോഗികമാവില്ല. മറ്റുള്ളവരുടെ പരാജയം നമ്മുടെ നിഷ്ക്രിയത്വത്തിന് ഒഴികഴിവാക്കരുത്. പരിഹാരങ്ങൾ നമുക്ക് അറിയാമെന്നതാണു വസ്തുത. അവ നടപ്പാക്കാനുള്ള ഉപകരണങ്ങളും നമുക്കുണ്ട്. ഇല്ലാത്തത് ഇച്ഛാശക്തിയാണ്.
സാമ്പത്തികവളർച്ചയെ പാരിസ്ഥിതിക സംരക്ഷണവുമായി സമന്വയിപ്പിക്കുന്ന 1,800ലധികം ശുദ്ധവും ലാഭകരവുമായ തന്ത്രങ്ങളും ഉപകരണങ്ങളും സോളാർ ഇംപൾസ് ഫൗണ്ടേഷനിൽ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അനധികൃത മീൻപിടിത്തം പിന്തുടരാനും ബഹിരാകാശത്തുനിന്നു കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനുമുള്ള സാങ്കേതികവിദ്യകൾ ഇക്കൂട്ടത്തിലുണ്ട്. കുറഞ്ഞ കാർബൺ ഉൽസർജനമുള്ള ഷിപ്പിംഗ്, പ്ലാസ്റ്റിക് മാലിന്യം തടയൽ, പുനരുത്പാദന ജലകൃഷി എന്നിവയിലെ നവീകരണങ്ങളുമുണ്ട്. കടലിനെ അമിതചൂഷണം ചെയ്യാതെ സാന്പത്തികമായി ഉപയോഗപ്പെടുത്തുന്ന ‘നീല സമ്പദ്വ്യവസ്ഥ’യിലാണ് ശ്രദ്ധ. പുനരുജ്ജീവനപരവും സുസ്ഥിരവുമായ സമ്പ്രദായങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് കാര്യം.
സമുദ്രവുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതാണ് ഞങ്ങളുടെ ‘ഓഷ്യൻ ഓപ്പർച്യുണിറ്റി ഗൈഡ്’. ഇതുവഴി പരിഹാരങ്ങൾ എത്രത്തോളം വ്യാപകവും പ്രായോഗികവുമാണെന്ന് വ്യക്തമാക്കുന്നു. സമുദ്രജീവിതത്തെ പിന്തുണയ്ക്കുന്ന ജൈവമെച്ചപ്പെടുത്തൽ മുതൽ കടൽപ്പായൽ അടിസ്ഥാനമാക്കി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള ബദലുകൾ വരെ ഇതിലുണ്ട്. കൂടാതെ, സമുദ്രഭക്ഷ്യവിഭവങ്ങളുടെ പേരിലുള്ള കബളിപ്പിക്കൽ കണ്ടെത്താനുള്ള സംവിധാനങ്ങളുമുണ്ട്. ഇവ വെറും സൈദ്ധാന്തിക മോഡലുകളല്ല; ലോകമെമ്പാടും ഇതിനകം ഉപയോഗിക്കാൻ തുടങ്ങിയിട്ടുള്ള യഥാർഥ ഉപകരണങ്ങളാണ്. അവയ്ക്കു പിന്നിൽ സംരംഭകരും ശാസ്ത്രജ്ഞരും എൻജിനിയർമാരുമുണ്ട്.
ഇടകലർന്ന സാന്പത്തിക ഘടനകൾ, ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പണമടവുകൾ, അപകടസാധ്യത കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ മൂലധനം ലഭ്യമാക്കാൻ തുടങ്ങിയിരിക്കുന്നു. ദുർബലമായ തീരദേശ സമ്പദ്വ്യവസ്ഥകളിൽ പ്രകൃതി അധിഷ്ഠിത പരിഹാരങ്ങൾക്കും സുസ്ഥിര അക്വാ കൾച്ചറിനും ഇതു കൂടുതൽ പ്രയോജനപ്പെടുന്നു. ഒരുമിച്ചു പ്രവർത്തിച്ചാൽ, ലോകത്തിലെ ഏറ്റവും സങ്കീർണമായ വെല്ലുവിളികളിലൊന്ന് പരിഹരിക്കാൻ കഴിവുള്ള ഒരു പുതിയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ കഴിയുമെന്നാണ് ഇതു തെളിയിക്കുന്നത്.
ഞങ്ങൾ ഉയർത്തിക്കാട്ടുന്ന പരിഹാരങ്ങൾ പരീക്ഷിക്കപ്പെട്ടതാണ്. കൂടാതെ അളക്കാവുന്നതും സാമ്പത്തികമായി മികച്ചതും. അവ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിലുപരി, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതിയ വിപണികളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വളരെക്കാലം പ്രവർത്തിക്കുന്പോഴുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. സമുദ്ര സമ്പദ്വ്യവസ്ഥയിലെ ശുദ്ധമായ നവീകരണത്തിന് വേറെയും മെച്ചമുണ്ട്. മുന്നേറാൻ ശ്രമിക്കുന്ന കമ്പനികൾക്കും രാജ്യങ്ങൾക്കും നേട്ടങ്ങളുണ്ടായി. ആരോഗ്യകരമായ മത്സരത്തിന് അവസരമൊരുങ്ങി. പ്രകൃതി അധിഷ്ഠിത നിക്ഷേപങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്ന സാമ്പത്തിക രീതികൾ തീരദേശ സമ്പദ്വ്യവസ്ഥകളെ സുസ്ഥിരമാക്കാനും പുതിയ തരം മൂലധനം ആകർഷിക്കാനും സഹായിക്കുന്നു. കടൽപ്പായൽ അടിസ്ഥാനമാക്കിയുള്ള പാക്കേജിംഗ്, സമുദ്രജീവി സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പോലുള്ള പരിഹാരങ്ങൾ പാരിസ്ഥിതിക നാശം കുറയ്ക്കുക മാത്രമല്ല, അസംസ്കൃത വസ്തുക്കളുടെ ചെലവ് കുറയ്ക്കുകയും വിതരണ ശൃംഖലയുടെ സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, സമുദ്ര സംരക്ഷണം വ്യാവസായിക നവീകരണത്തിന്റെയും ഭൗമരാഷ്ട്രീയ പ്രതിരോധശേഷിയുടെയും ഊർജമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു സാമ്പത്തിക വികസനതന്ത്രമെന്ന നിലയിൽ, ഇത് ഭാവിക്ക് അനുയോജ്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ്. മാത്രമല്ല, ഇത് നിക്ഷേപകർക്കും സംരംഭകർക്കും നയനിർമാതാക്കൾക്കും ഒരുപോലെ ആകർഷകവുമാണ്. എന്നാൽ, ഈ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നതിന്, നമ്മൾ പറയുന്ന രീതി മാറ്റണം. സുസ്ഥിരത എന്നു പറയുന്പോൾ ത്യാഗമല്ല വിവക്ഷ; ആധുനികവത്കരണം, നവീകരണം, കാര്യക്ഷമത എന്നിവയാണ് ലക്ഷ്യമിടുന്നത്.
സമുദ്ര സംരക്ഷണം ആഗോള സമ്പദ്വ്യവസ്ഥയുടെ ഉത്തേജകമാണ്. അടയാളപ്പെടുത്താത്ത ആഴങ്ങളെ കണ്ടെത്തുകയല്ല നമ്മുടെ ദൗത്യം. മറിച്ച്, മികച്ച സംവിധാനങ്ങൾ കണ്ടെത്തുക എന്നതാണ്. ‘ഓഷ്യൻ ഓപ്പർച്യുണിറ്റി ഗൈഡി’ൽ ഉൾപ്പെടുത്തിയിട്ടുള്ള സംരംഭകരെപ്പോലെ, നമ്മൾ ഓരോരുത്തരും നമ്മൾ നിർമിച്ചതിനെ ചോദ്യംചെയ്യുകയും അത് എങ്ങനെ മെച്ചപ്പെടുത്താമെന്ന് പരിഗണിക്കുകയും വേണം. പര്യവേക്ഷണത്തിന്റെ ആത്മാവ് നമ്മളെ ചൂഷണത്തിലേക്കല്ല, പുനരുജ്ജീവനത്തിലേക്ക് നയിക്കണം. മറ്റുള്ളവരെ കാത്തിരിക്കുന്നത് നിർത്താനും ഈ നിമിഷം ആവശ്യപ്പെടുന്ന നേതൃത്വം ഏറ്റെടുക്കാനും അത് നമ്മളെ പ്രചോദിപ്പിക്കണം.
Tags :