ADVERTISEMENT
ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒന്പതു കുട്ടികളടക്കം 27 പേർ മരിച്ചു.
വേനൽകാല ക്യാന്പിൽ പങ്കെടുക്കുകയായിരുന്ന 27 പെൺകുട്ടികളെ കാണാതായി. വെള്ളിയാഴ്ച പുലർച്ചെ കെർ കൗണ്ടിയിലെ ഗ്വാദലൂപ്പെ നദി തീരത്താണ് ദുരന്തമുണ്ടായത്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.
ഒരു മണിക്കൂറിനിടെ 20 സെന്റിമീറ്റർ മഴ പെയ്തുവെന്നാണ് റിപ്പോർട്ട്. മുക്കാൽ മണിക്കൂർ കൊണ്ട് ഗ്വാദലൂപ്പെ നദിയുടെ ജലനിരപ്പ് എട്ടു മീറ്ററായി ഉയർന്നുവെന്ന് ടെക്സസ് ലെഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. അതിവേഗം വെള്ളമുയർന്നതിനാൽ മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിക്കാനായില്ല.
കെർ കൗണ്ടി അടക്കം നദീതീരപ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സംസ്ഥാന ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു.
നദീതീരത്ത് വലിയതോതിൽ നാശമുണ്ടായെന്നാണ് റിപ്പോർട്ട്. റോഡുകൾ നശിക്കുകയും മൊബൈൽ ഭവനങ്ങൾ, വാഹനങ്ങൾ മുതലായവ ഒലിച്ചുപോവുകയുമുണ്ടായി.
ക്യാന്പ് മിസ്റ്റിക് എന്ന ഗ്രൂപ്പ് ഗ്വാദലൂപ്പെ നദീതീരത്തു സംഘടിപ്പിച്ച വേൽക്കാല ക്രിസ്ത്യൻ ക്യാന്പിൽ പങ്കെടുത്ത പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. പെൺകുട്ടികൾക്കു മാത്രമായുള്ള ക്യാന്പിൽ 750 കുട്ടികൾ പങ്കെടുത്തിരുന്നു. ഇതിൽ 23-27 പേരെ കാണാതായി എന്നാണ് അറിയിപ്പ്.
ക്യാന്പിൽ വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് എന്നിവ ഇല്ലാതായെന്നും അങ്ങോട്ടുള്ള റോഡുകൾ ഒലിച്ചുപോയെന്നും അധികൃതർ പറഞ്ഞു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.
ജൂലൈ നാലിലെ അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ പ്രസിഡന്റ് ട്രംപ് ഞെട്ടൽ പ്രകടിപ്പിച്ചു. ടെക്സസിനു വേണ്ട സഹായങ്ങൾ നല്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
Tags :