ADVERTISEMENT
ടെഹ്റാൻ: കഴിഞ്ഞമാസം ഇസ്രയേലുമായി നടന്ന യുദ്ധത്തിനിടെ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാനു നിസാര പരിക്കേറ്റതായി റിപ്പോർട്ട്. ജൂൺ 16ന് ഇറാനിലെ പരമോന്നത ദേശീയ സുരക്ഷാ സമിതി യോഗം ചേർന്ന സ്ഥലത്തിനു നേർക്ക് ഇസ്രയേൽ മിസൈലാക്രമണം നടത്തുകയായിരുന്നു.
പസെഷ്കിയാനു പുറമേ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗലിബാഫ്, ജുഡീഷറി വിഭാഗം മേധവി മുഹ്സെനി ഇജെയി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. കെട്ടിടത്തിന്റെ വാതിലുകളിലടക്കം ആറു മിസൈലുകളാണ് പതിച്ചത്.
എന്നാൽ രക്ഷപ്പെടാനുള്ള വഴി ആക്രമണത്തിനു മുന്നേ ഇറേനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ ഒരുക്കിയിരുന്നു. പസെഷ്കിയാനും കൂട്ടരും ഇതിലൂടെ രക്ഷപ്പെട്ടു. പസെഷ്കിയാന്റെ കാലിനാണ് നിസാര പരിക്കേറ്റത്.
തന്നെ വധിക്കാൻ ഇസ്രയേൽ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നുവെന്ന് പസെഷ്കിയാൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജൂൺ 13 മുതൽ 24 വരെയുള്ള 12 ദിവസമാണ് ഇറാനും ഇസ്രയേലും വ്യോമയുദ്ധത്തിൽ ഏർപ്പെട്ടത്.
Tags :